ഗ്രോസ് ഐലെറ്റ്: കളിക്കിടെ മോശമായി പെരുമാറിയ വിന്‍ഡീസ് പേസര്‍ ഷാനോണ്‍ ഗബ്രിയേലിന് അമ്പയറുടെ താക്കീത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനമാണ് സംഭവം. ഇംഗ്ലണ്ട് നായകന് ജോ റൂട്ടിനോട് അപമര്യാദയായി പെരുമാറിയതിനാണ് താരത്തിന് താക്കീത് ലഭിച്ചത്.
ബാറ്റ് ചെയ്യുകയായിരുന്ന ജോ റൂട്ടിനോടും ജോ ഡെന്ലിയോടും മോശമായി പെരുമാറിയ ഷാനോണ്‍ ഗബ്രിയേലിന് റൂട്ട് മറുപടി കൊടുക്കുന്നതും വീഡിയോകളില്‍ നിന്നും വ്യക്തമായി കാണാം. എന്നാല്‍ ഗബ്രിയേല്‍ പറയുന്നത് വ്യക്തമല്ല. ഗബ്രിയേല്‍ കയര്‍ക്കുന്നതായി കാണുന്നുണ്ടെങ്കിലും വാക്കുകള്‍ വ്യക്തമല്ല.
”സ്വവർഗ അനുരാഗിയാകുന്നതില് എന്താണ് തെറ്റ്?” എന്ന് റൂട്ട് പറയുന്നത് വ്യക്തമായി കേള്‍ക്കുന്നുണ്ട്. എന്നാല്‍ എന്താണ് റൂട്ടിനെ കൊണ്ട് അങ്ങനെ പറയിപ്പിച്ചതെന്ന് വ്യക്തമല്ല. ഗബ്രിയേലിന്റെ ശബ്ദം സ്റ്റമ്പ് മൈക്കില്‍ നിന്നും കേള്‍ക്കാന്‍ സാധിക്കുന്നില്ല. അതേസമയം, മത്സരശേഷം വിന്‍ഡീസ് പേസര്‍ പിന്നീട് ദുഃഖിക്കുമെന്ന് റൂട്ട് പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ റൂട്ട് പരാതി നല്‍കിയിട്ടില്ല.
— Alan Conduct (@misterc88) February 11, 2019
”ചിലപ്പോള്‍ ആളുകള്‍ പിന്നീട് ദുഃഖിക്കേണ്ടി വരുന്ന എന്തെങ്കിലും ഫീല്‍ഡില്‍ പറഞ്ഞെന്ന് വരും. പക്ഷെ അവര്‍ ഫീല്‍ഡില്‍ തന്നെ തുടരണം” റൂട്ട് പറഞ്ഞു. അതേസമയം, ഗബ്രിയേല്‍ വികാരം പ്രകടിപ്പിക്കുന്ന ആളാണെന്നും കളി ജയിക്കാന്‍ എന്തും ചെയ്യുമെന്നും എന്നാല്‍ അവന് നല്ല വ്യക്തിയാണെന്നും നല്ല ക്രിക്കറ്ററാണെന്നും റൂട്ട് പറഞ്ഞു.
സംഭവത്തില്‍ തനിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും എന്നാല്‍ തങ്ങള്‍ പരിശോധിച്ച ശേഷം അങ്ങനെ എന്തെങ്കിലും ഗബ്രിയേലിന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ടെങ്കില് നടപടിയെടുക്കുമെന്നും വിന്‍ഡീസ് പരിശീലകന് റിച്ചാര്‍ഡ് പൈബസ് അറിയിച്ചു.