വിക്കറ്റിന് പിന്നിൽ മിന്നൽ സ്റ്റമ്പിങ്ങുമായി പലപ്പോഴും ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിട്ടുള്ള താരമാണ് മുൻ ഇന്ത്യൻ നായകൻ കൂടിയായ എംഎസ് ധോണി. 2016ലെ ടി20 ലോകകപ്പിൽ ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിന്റെ ഗതി തിരിച്ചതും അത്തരത്തിലൊരു സ്റ്റമ്പിങ്ങായിരുന്നു. ബംഗ്ലാദേശ് താരം സാബിർ റഹ്മാനെയാണ് അന്ന് ധോണി പുറത്താക്കിയത്. എന്നാൽ 2019 ലോകകപ്പിലേക്ക് എത്തിയപ്പോഴും സമാനമായ സ്റ്റമ്പിങ്ങിന് അവസരമുണ്ടായിരുന്നെങ്കിലും ധോണിക്ക് ലക്ഷ്യം പൂർത്തിയാക്കാനായില്ല.

ടി20 ലോകകപ്പിൽ നിന്ന് താൻ പാഠം പഠിച്ചുവെന്നാണ് സാബിർ പറയുന്നത്. പിന്നെ 2019 ലോകകപ്പിൽ ധോണിയ്ക്ക് ഒരു മറുപടി നൽകാനും സാബിറിനായി. ക്രീസിന് പുറത്ത് നിന്ന് അതിവേഗം ഉള്ളിലേക്ക് കടന്ന സാബിർ ഇന്ന് അത് നടക്കില്ലായെന്ന് ധോണിയുടെ മുഖത്ത് നോക്കി പറയുകയും ചെയ്തു.

Also Read: ഐപിഎൽ മുടങ്ങിയാൽ നഷ്ടം 4000 കോടി രൂപ: സൗരവ് ഗാംഗുലി

“ബാംഗ്ലൂരിൽ നടന്ന ടി20 ലോകകപ്പിലെ മത്സരത്തിനിടയിൽ ധോണി എന്നെ സ്റ്റമ്പിങ്ങിലൂടെ പുറത്താക്കിയിരുന്നു. ഇംഗ്ലണ്ട് ലോകകപ്പിലും സമാനമായ ഒരു സാഹചര്യമുണ്ടായി. എന്നാൽ ക്രീസിനുള്ളിലേക്ക് സ്ലൈഡ് ചെയ്ത് കയറിയ ഞാൻ ഇന്ന് അത് നടക്കില്ലായെന്നും അദ്ദേഹത്തോട് പറഞ്ഞു,” ഒരു ഫെയ്സ്ബുക്ക് ലൈവിനിടെയാണ് താരം ധോണിയുമായുള്ള നിമിഷങ്ങളെക്കുറിച്ച് വാചാലനായത്.

2016 ലോകകപ്പിൽ 15 പന്തിൽ 26 റൺസുമായി അതിവേഗം കുതിക്കുന്നതിനിടയിലാണ് സാബിറിനെ ധോണി പുറത്താക്കുന്നത്. അന്ന് കൈവിട്ട് പോകേണ്ടിയിരുന്ന മത്സരം ഒരു റൺസിനാണ് ഇന്ത്യ ജയിച്ചത്. 2019ൽ യുസ്‌വേന്ദ്ര ചാഹലെറിഞ്ഞ ഓവറിലാണ് ധോണിക്ക് ഒരു സ്റ്റമ്പിങ്ങ് അവസരം ലഭിച്ചതും നഷ്ടമായതും. എന്നാൽ മത്സരം ഇന്ത്യ ജയിച്ചിരുന്നു.

Also Read: ധോണിക്ക് ഇനിയൊരു മടങ്ങിവരവ് അത്ര എളുപ്പമല്ല: വെങ്കിടേഷ് പ്രസാദ്

ധോണിയുടെ ബാറ്റിങ് ശൈലിയെക്കുറിച്ചും സാബിർ സംസാരിച്ചു. ഒരിക്കൽ ധോണിയോട് അദ്ദേഹത്തിന്റെ ബാറ്റിങ്ങ് രഹസ്യത്തെക്കുറിച്ച് ഞാൻ ചോദിച്ചിരുന്നു. എങ്ങനെയടിച്ചാലും പന്ത് സിക്സർ പോകുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ എല്ലാം ഒരു ആത്മവിശ്വാസമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സാബിർ പറഞ്ഞു.

ഒരിക്കൽ കളിക്കാൻ ധോണിയുടെ ബാറ്റ് ചോദിച്ചെന്നും എന്നാൽ തരുന്നതിന് കുഴപ്പമില്ല ഇന്ത്യയ്ക്കെതിരെ അത് ഉപയോഗിക്കരുതെന്നാണ് ധോണി മറുപടി നൽകിയതെന്നും സാബിഞ ഓർത്തെടുക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook