ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനു ഒരു പ്രത്യേകതയുണ്ടായിരുന്നു. ചെന്നൈയിൽ നടന്ന രണ്ടാം ടെസ്റ്റിൽ പകുതി കാണികൾക്കേ മത്സരം കാണാൻ അനുമതി ഉണ്ടായിരുന്നുളളൂ. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ പതിനൊന്നു മാസത്തിനിടെ ആദ്യമായാണ് ഒരു ക്രിക്കറ്റ് മത്സരത്തിന് കാണികളെ അനുവദിക്കുന്നത്. വലിയൊരു കാത്തിരിപ്പിന് ശേഷം ഇന്ത്യയുടെ ക്രിക്കറ്റ് മത്സരം നേരിൽ കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു കാണികൾ. മത്സരത്തിനിടെ ചില തമാശകളും സംഭവിച്ചു. അതിലൊരു തമാശ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ വെളിപ്പെടുത്തുകയാണ്.
‘എന്താണ് വലിമയ്’ എന്ന ചോദ്യവുമായി ഇംഗ്ലണ്ട് താരം മോയീൻ അലി തന്റെ അടുത്തേക്ക് എത്തിയെന്ന് അശ്വിൻ പറഞ്ഞു. യുട്യൂബ് ചാനലിൽ സംസാരിക്കുമ്പോഴാണ് അശ്വിൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
Read Also: ഐപിഎൽ താരലേലം ഇന്ന്: പൊന്നുംവില കിട്ടാൻ മാക്സ്വെല്ലും ഷാക്കിബ് അൽ ഹസനും
കളിക്കിടെ വളരെ രസകരമായ ഒരു സംഭവമുണ്ടായി. ഞങ്ങൾ തമിഴ്നാട്ടുകാർക്കു സിനിമയോടുള്ള താൽപര്യം വ്യക്തമാക്കുന്നതായിരുന്നു അത്. ഞാൻ ഫീൽഡ് ചെയ്യുകയായിരുന്നു. ബൗണ്ടറി ലൈനിലാണ് ഞാൻ ഫീൽഡ് ചെയ്യുന്നത്. അങ്ങനെ നിൽക്കുമ്പോൾ കാണികളിൽ ഒരാൾ എന്നെ വിളിച്ചു ‘അശ്വിൻ, അശ്വിൻ, അശ്വിൻ.’ ഞാൻ പിന്നിലേക്ക് തിരിച്ചുനോക്കി. എന്നെ വിളിച്ച യുവാവിനോട് കാര്യം എന്താണെന്ന് ഞാൻ തിരക്കി. അപ്പോൾ അയാൾ ചോദിച്ചു ‘വലിമയ് അപ്ഡേറ്റ്?’
#Valimai Update Wait Goes To Chepauk Stadium Last Time Moeen Ali , This Time Namma @ashwinravi99 Anna …
Dear @BoneyKapoor Make It Happen #ValimaiUpdate pic.twitter.com/t9KeZTCJ9f
— (@Pandiya28118947) February 15, 2021
“ഞാനാകെ സംശയിച്ചു നിന്നുപോയി. എന്താണ് നടക്കുന്നതെന്ന് എനിക്ക് മനസിലായില്ല. ആ ദിവസത്തെ കളി കഴിഞ്ഞ് റൂമിലെത്തിയപ്പോൾ ഞാൻ അതിനെ കുറിച്ച് ഗൂഗിൾ ചെയ്തു നോക്കി. തൊട്ടടുത്ത ദിവസം ഇംഗ്ലണ്ട് താരം മോയീൻ അലി എന്റെ അടുത്തെത്തി. അദ്ദേഹത്തിനു ഒരു സംശയം. ‘അശ്വിൻ, എന്താണ് ഈ വലിമയ്?’ എന്ന് എന്നോടു ചോദിച്ചു. എനിക്ക് ചിരി വന്നു. ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുന്ന സമയത്ത് കാണികളിൽ ആരെങ്കിലും മോയീൻ അലിയോടും ‘വലിമയ്’ അപ്ഡേറ്റ് ചോദിച്ചുകാണും. മോയീൻ അലിയുടെ ചോദ്യം കേട്ട് ഞാൻ തല താഴ്ത്തി ചിരിക്കുകയായിരുന്നു!”
#Thala fans asking #Valimai update to #MoeenAli … pic.twitter.com/3ZCSfvmFEt
— Anand (@anandviswajit) February 13, 2021
നടൻ അജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന തമിഴ് ചിത്രമാണ് ‘വലിമയ്’. ഏറെനാളായി സിനിമ പ്രഖ്യാപിച്ചിട്ട്. എന്നാൽ, പിന്നീട് അതേ കുറിച്ചുള്ള വിവരങ്ങളൊന്നും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. അക്ഷമരായ ആരാധകർ തമിഴ്നാട്ടിലെ പൊതു പരിപാടികളിലെല്ലാം വലിമയ് അപ്ഡേറ്റിനെ കുറിച്ച് തിരക്കാറുണ്ട്. തമിഴ്നാട്ടിൽ ഒരു ട്രോൾ വിധേന വലിമയ് ആഘോഷിക്കപ്പെടുന്നുണ്ട്.
അതേസമയം, ചെന്നൈ കാണികളുടെ സാന്നിധ്യം വലിയ മുതൽക്കൂട്ടായെന്നും അശ്വിൻ പറയുന്നു. ഇന്ത്യയുടെ ജയത്തിൽ കാണികൾ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. താൻ സെഞ്ചുറി നേടുന്നതിനുവേണ്ടി അവസാനത്തെ ബാറ്റ്സ്മാനായി ക്രീസിലെത്തിയ മുഹമ്മദ് സിറാജ് വളരെ ശ്രദ്ധയോടെ ബാറ്റ് വീശുന്നതു കണ്ട് കാണികൾ പ്രതികരിച്ച രീതി തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും അശ്വിൻ പറഞ്ഞു.
മത്സരശേഷം നായകൻ വിരാട് കോഹ്ലിയും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തും തന്റെ അടുത്തെത്തി തമിഴിൽ ‘വേറെ ലെവൽ’ എന്നു പറഞ്ഞെന്നും അശ്വിൻ ഓർക്കുന്നു. മുരളി വിജയ് വഴിയായിരിക്കും കോഹ്ലി ഈ തമിഴ് പഠിച്ചതെന്ന് അശ്വിൻ പറയുന്നു. ഡ്രെസിങ് റൂമിലുള്ളപ്പോൾ മുരളി വിജയ് ഇടയ്ക്കൊക്കെ തമിഴിൽ ‘വേറെ ലെവൽ’ എന്നു പറയാറുണ്ട്. ഇതുകേട്ടായിരിക്കും കോഹ്ലിയും തമിഴ് പറയുന്നതെന്ന് അശ്വിൻ കൂട്ടിച്ചേർത്തു.