ലോകകപ്പില്‍ ഫൈനല്‍ പോരാട്ടത്തില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് അര്‍ജന്റീന ലോകകപ്പ് ജേതാക്കളായിരിക്കുകയാണ്. മത്സര ശേഷമുള്ള വിജയ ലഹരിയില്‍ സാക്ഷാല്‍ ലയണല്‍ മെസ്സി വിശ്വകീരീടം സ്വീകരിക്കുന്ന ചരിത്ര നിമിഷവും ആരാധകര്‍ക്ക് ഒഴിവാക്കാന്‍ കഴിയുന്നതായിരുന്നില്ല.ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോയും ഖത്തര്‍ അമീറായ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുമാണ് മെസിയുടെ കൈകളിലേക്ക് ലോകകപ്പ് വെച്ച് നീട്ടിയത്.
എന്നാല്‍ ലോകകപ്പ് സമ്മാനിക്കുന്നതിന് തൊട്ടു മുമ്പായി ലയണല്‍ മെസ്സിയുടെ വെള്ളയും ഇളം നീലയും കലര്‍ന്ന അര്‍ജന്റീന ജേഴ്സിക്ക് പുറമെ ഖത്തര്‍ അമീര്‍ അറബ് ലോകത്ത് പ്രത്യേക അവസരങ്ങളില്‍ ധരിക്കുന്ന കറുപ്പ് നിറത്തിലുള്ള മേല്‍ വസ്ത്രം ആദര സൂചകമായി അണിയിച്ചിരുന്നു. ഒരു വശത്ത് ഇതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ടെങ്കില്‍ ഇതിനെ ആദര സൂചകമായി കണ്ട് മെസി പൂര്‍ണ മനസോടെയാണ് മെസ്സി സ്വീകരിച്ചത്.
സവിശേഷ അവസരങ്ങളില്‍ മാത്രം ധരിക്കുന്ന പരമോന്നത ഖത്തറി ഗൗണായ ഇതിന് ബിഷ്ത് എന്നാണ് അറബ് ലോകത്ത് വിളിക്കുന്നത്. ഒട്ടകത്തിന്റെയും ആടിന്റെയും രോമങ്ങള്‍കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഭരണാധികാരികള്‍ക്കു പുറമെ ഉന്നത കുടുംബങ്ങളിലെ ഷെയ്ഖുമാരും വിവാഹം, പെരുന്നാള്‍ നമസ്കാരം, ജുമുഅ നമസ്കാരം എന്നിവക്കാണ് ഇത് ധരിക്കുന്നത്. വെള്ളിയാഴ്ച ഖുതുബ നിര്‍വ്വഹിക്കുന്ന ഇമാമുമാര്‍ക്കും ഈ രാജകീയ മേല്‍ക്കുപ്പായം ധരിക്കുന്നതിന് അനുമതി നല്കുന്നു.
രാജകുടുംബമോ മതനേതാക്കളോ ധരിക്കുന്ന വസ്ത്രമായ ഈ ‘ബിഷ്ത്ത്’ അണിഞ്ഞാണ് മെസ്സി ട്രോഫി ഉയര്‍ത്തിയതും. എന്നാല്‍ തലമുറയിലെ ഏറ്റവും മികച്ച ഫുട്ബോള്‍ കളിക്കാരനായ മെസിയുടെ അര്‍ജന്റീനിയന്‍ ജേഴ്സി ഭാഗികമായി ബിഷ്ത്ത് മറച്ചുവെന്ന വിവാദമാണ് ഒരു കൂട്ടര് ഉയര്‍ത്തിയത്.
36 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലോക കിരീടം കൈപ്പിടിയിലൊതുക്കി പത്താം നമ്പര്‍ ജേഴ്സി ധരിച്ചു നില്ക്കുന്ന മെസിയെയും അര്‍ജന്റീനയുടെ നീലയും വെള്ളയും വരകളുള്ള കുപ്പായത്തെയും മറക്കുന്നതായിരുന്നു ഖത്തര്‍ അമീറിന്റെ സമ്മാനമെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. ബിഷ്ത് മെസ്സിയെ അണിയിച്ചപ്പോള്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും ഖത്തര്‍ അമീറിന്റെ അരികിലുണ്ടായിരുന്നു.