ഇംഗ്ലീഷ്, ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാരെയാണ് കൂടുതൽ ഇഷ്ടപ്പെടുന്നതെന്ന് പറഞ്ഞ ക്രിക്കറ്റ് ആരാധകനോട് ഇന്ത്യ വിട്ടു പോകണമെന്നു നിർദേശിച്ച വിരാട് കോഹ്‌ലിക്കെതിരെ നടന്‍ സിദ്ധാര്‍ത്ഥ് രംഗത്ത്. തന്റെ മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തതിനു പിന്നാലെ പ്രസ്തുത ആപ്പിൽ ആരാധകരുമായി സംവദിക്കുമ്പോഴാണ് കോഹ്‌ലി വിവാദ പരാമര്‍ശം നടത്തിയത്.

ഇന്ത്യൻ ബാറ്റ്സ്മാൻമാരെക്കാൾ വിദേശ ബാറ്റ്സ്മാൻമാരെ ഇഷ്ടപ്പെടുന്നുവെന്ന് പറഞ്ഞ ആരാധകന്റെ കമന്റ് അങ്ങേയറ്റത്തെ അസഹിഷ്ണുതയോടെയാണ് കോഹ്‌ലി വായിക്കുന്നത്. ഇതിന് രൂക്ഷമായ മറുപടിയും നൽകുന്നു. വിരാട് കോഹ്‌ലി ഒരു ‘ഓവർറേറ്റഡ്’ ബാറ്റ്സ്മാൻ ആണെന്നാണ് കോഹ്‌ലിയുടെ വിമർശനത്തിന് വിധേയനായ ക്രിക്കറ്റ് ആരാധകൻ പറഞ്ഞത്. ട്വിറ്ററിൽ കടുത്ത വിമർശനങ്ങളാണ് കോഹ്‌ലിക്ക് നേരിടേണ്ടി വരുന്നത്.

കോഹ്‌ലിയുടെ ബാറ്റിങ് ഇഷ്ടമില്ലാത്തവർ രാജ്യം വിട്ടു പോകണമെന്ന പ്രസ്താവന അദ്ദേഹത്തിന്റെ ആരാധകർ പോലും അംഗീകരിച്ച മട്ടില്ല. ഇതിലേക്ക് രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ കൂടി ചേർക്കുന്നുണ്ട് ചിലർ. കോഹ്‌ലി അസഹിഷ്ണുത രാഷ്ട്രീയത്തിന്റെ ഇരയാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യക്കാരല്ലാത്ത തന്റെ ഫാൻസ് മുഴുവൻ ഇന്ത്യയിലേക്ക് വരണമെന്നാണോ കോഹ്‌ലി ആവശ്യപ്പെടുന്നതെന്ന് മറ്റൊരാൾ ചോദിക്കുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന പാഠങ്ങളും ചിലർ കോഹ്‌ലിയെ പഠിപ്പിക്കുന്നുണ്ട്.

ഇതിന് പിന്നാലെയാണ് തമിഴ് താരം സിദ്ധാര്‍ത്ഥും വിമര്‍ശനവുമായി എത്തിയത്. ‘ബുദ്ധിശൂന്യമായ വാക്കുകള്‍’ എന്നാണ് സിദ്ധാര്‍ത്ഥ് കോഹ്‌ലിയെ വിമര്‍ശിച്ച് പറഞ്ഞത്. കിങ് കോഹ്‌ലിയായി തുടരണമെങ്കില്‍ ഇനിയെങ്കിലും ചിന്തിച്ചിട്ട് മാത്രം സംസാരിക്കണമെന്നും അദ്ദേഹം കോഹ്‌ലിയോട് പറയുന്നുണ്ട്. ‘ദ്രാവിഡ് എങ്ങനെയായിരിക്കും ഇത്തരം കാര്യങ്ങളോട് പ്രതികരിക്കുക എന്ന് ചിന്തിച്ച് മാത്രം ഭാവിയിലെങ്കിലും സംസാരിക്കുക. ഒരു ഇന്ത്യന്‍ ക്യാപ്റ്റനില്‍ നിന്നും ഉണ്ടായിരിക്കുന്ന ബുദ്ധിശൂന്യമായ വാക്കുകളാണ് ഇത്,’ സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.

രണ്ട് വര്‍ഷം മുമ്പ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ വിജയിച്ച ആഞ്ജെലിക് കെര്‍ബറിനെ അഭിനന്ദിച്ച് കോഹ്‌ലി ഇട്ട പോസ്റ്റും ഇപ്പോള്‍ ആരാധകര്‍ കുത്തിപ്പൊക്കിയിട്ടുണ്ട്. ‘ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന വനിതാ ടെന്നീസ് താരമാണ് നിങ്ങള്‍’ എന്നാണ് അന്ന് കോഹ്‌ലി ട്വീറ്റ് ചെയ്തിരുന്നത്.

ഇന്ത്യയില്‍ വനിതാ ടെന്നീസ് താരങ്ങള്‍ ഇല്ലേ എന്നാണ് ഇപ്പോള്‍ ആരാധകര്‍ ചോദിക്കുന്നത്. സാനിയ മിര്‍സയെ ഇഷ്ടപ്പെടാതെ ആഞ്ജെലിക്കിനെ ഇഷ്ടപ്പെടുന്ന കോഹ്‌ലിയോട് ജര്‍മ്മനിയിലേക്ക് പോവാനാണ് ഇപ്പോള്‍ ആരാധകര്‍ ആവശ്യപ്പെടുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ