രാജ്യാന്തര ക്രിക്കറ്റിൽ പുതിയ റെക്കോർഡിന് ഉടമയായിരിക്കുകയാണ് വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്ൽ. രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരമെന്ന റെക്കോർഡാണ് ഗെയ്ൽ സ്വന്തം പേരിലാക്കിയത്. പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയെ മറികടന്നാണ് ഗെയ്ൽ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്.

ബാർബഡോസിലെ കെൻസിങ്ടൺ ഓവൽ സ്റ്റേഡിയത്തിൽ നടന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തിലായിരുന്നു ഗെയ്‌ലിന്റെ നേട്ടം. ഗെയ്‌ലിന്റെ പേരിൽ ഇപ്പോൾ 477 സിക്സുകളാണ് ഉളളത്. 444 മാച്ചുകളിൽനിന്നാണ് ഗെയ്ൽ ഈ നേട്ടം കൈവരിച്ചത്. 476 സിക്സുമായി അഫ്രീദിയാണ് തൊട്ടുപിന്നിൽ. 524 മാച്ചുകളിൽനിന്നാണ് അഫ്രീദിയുടെ നേട്ടം. ഏകദിനത്തിൽ 276 സിക്സും ടി 20 യിൽ 103 സിക്സും ടെസ്റ്റിൽ 98 സിക്സുമാണ് ഗെയ്ൽ അടിച്ചുകൂട്ടിയത്.

ബ്രണ്ടൺ മക്കല്ലമാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. 398 സിക്സുകളാണ് മക്കല്ലം നേടിയത്. 352 സിക്സുമായി സനത് ജയസൂര്യ നാലാം സ്ഥാനത്തും 349 സിക്സുമായി ഇന്ത്യൻ താരം രോഹിത് ശർമ്മ അഞ്ചാം സ്ഥാനത്തുമാണ്.

ഈ ലോകകപ്പോടെ ഏകദിനത്തിൽ നിന്നും താൻ വിരമിക്കുമെന്നാണ് ഗെയ്ൽ അറിയിച്ചിരിക്കുന്നത്. വിന്‍ഡീസ് ക്രിക്കറ്റും തീരുമാനം ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലും വെയ്‌സിലുമായി നടക്കുന്ന ലോകകപ്പോടെ ഗെയില്‍ ഏകദിനത്തില്‍ നിന്നും വിരമിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം, ടി20യില്‍ കളിക്കുന്നത് ഗെയില്‍ തുടരും.

വിന്‍ഡീസിന്റെ എക്കാലത്തേയും മികച്ച രണ്ടാമത്തെ റണ്‍ വേട്ടക്കാരനാണ് ക്രിസ് ഗെയില്‍. 23 ഏകദിന സെഞ്ചുറി നേടിയിട്ടുള്ള ഗെയില്‍ ഈ പട്ടികയില്‍ ഒന്നാമതാണ്. 284 ഏകദിനങ്ങള്‍ കളിച്ച ഗെയിലിന് മുന്നിലുള്ളത് സാക്ഷാല്‍ ബ്രയാന്‍ ലാറയാണ്. അദ്ദേഹം 299 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 10405 റണ്‍സ് നേടിയിട്ടുള്ള ലാറയാണ് വിന്‍ഡീസിന്റെ ഒന്നാം നമ്പര്‍ റണ്‍ വേട്ടക്കാരന്‍. രണ്ടാമതുള്ള ഗെയിലിന് 9727 റണ്‍സാണുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook