T20 World Cup, West Indies vs Australia Score: ട്വന്റി 20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ ഓസ്ട്രേലിയക്ക് എട്ട് വിക്കറ്റ് ജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് നേടിയപ്പോൾ പിന്തുടർന്ന ഓസീസ് 16.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് നേടി.
ഓപ്പണർ ഡേവിഡ് വാർണർ പുറത്താകാതെ നടത്തിയ പ്രകടനമാണ് ഓസീസിന്റെ ജയം എളുപ്പമാക്കിയത്. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ മിച്ചൽ മാർഷും വാർണറിന് മികച്ച പിന്തുണ നൽകി.
പുറത്താകാതെ 56 പന്തിൽ ഒമ്പത് ഫോറും നാല് സിക്സറുമടക്കം 89 റൺസാണ് വാർണർ നേടിയത്. മൂന്നാമനായിറങ്ങിയ മിച്ചൽ മാർഷ് 32 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സറും അടക്കം 53 റൺസ് നേടി പുറത്തായി.
ഓപ്പണിങ്ങിനിറങ്ങിയ കാപ്റ്റൻ ആരോൺ ഫിഞ്ച് 11 പന്തിൽ ഒരു ഫോറടക്കം ഒമ്പത് റൺസ് മാത്രം നേടി പുറത്തായി.
ക്രിസ്ഗെയിലും അകീൽ ഹൊസെയ്നും വിൻഡീസിന് വേണ്ടി ഓരോ വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്ത വിൻഡീസിന് വേണ്ടി ആരും 50 റൺസ് തികച്ചില്ല. 31 പന്തിൽ നാല് ഫോറും ഒരു സിക്സും അടക്കം 44 റൺസ് നേടിയ നായകൻ കീറോൺ പൊള്ളാഡ് ആണ് ടോപ് സ്കോററർ.
ഓപ്പണർ ക്രിസ്ഗെയിൽ ഒമ്പത് പന്തിൽ രണ്ട് സിക്സടക്കം 15 റൺസെടുത്തു എവിൻ ലൂയിസ് 26 പന്തിൽ അഞ്ച് ഫോറടക്കം 29 റൺസെടുത്തു.
അവസാന ഓവറുകളിൽ ആന്ദ്രെ റസൽ പുറത്താകാതെ 18 റൺസും ജേസൺ ഹോൾഡർ ഒരു റണ്ണും നേടി. ഷിംറോൺ ഹെറ്റ്മിയർ 27 റൺസും ഡ്വെയ്ൻ ബ്രാവോ 10 റൺസും നേടി.
നിക്കോളാസ് പൂരൺ നാല് റൺസെടുത്തു. റോസ്റ്റൺ ചേസ് റണ്ണൊന്നുമെടുക്കാതെ പുറത്തായി.
ഓസീസിന് വേണ്ടി ജോഷ് ഹേസൽവുഡ് നാല് വിക്കറ്റ് വീഴ്ത്തി. മിച്ചൽ സ്റ്റാർക്, ആദം സാംപ, പാറ്റ് കമ്മിസ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ജയത്തോടെ ഓസീസ് സെമി പ്രവേശനത്തോട് കൂടുതൽ അടുത്തിട്ടുണ്ട്. ഗ്രൂപ്പ് ഒന്നിൽ രണ്ടാം സ്ഥാനത്താണ് ഓസീസ്. നാല് മത്സരങ്ങളിൽ മൂന്ന് ജയവും ഒരു തോൽവിയുമായി ആറ് പോയിന്റാണ് ഓസീസിന്.
ഓസ്ട്രേലിയ (പ്ലേയിംഗ് ഇലവൻ): ഡേവിഡ് വാർണർ, ആരോൺ ഫിഞ്ച് (കാപ്റ്റൻ), മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ്വെൽ, സ്റ്റീവൻ സ്മിത്ത്, മാർക്കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ് (വിക്കറ്റ് കീപ്പർ), പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ആദം സാമ്പ, ജോഷ് ഹേസൽവുഡ്
വെസ്റ്റ് ഇൻഡീസ് (പ്ലേയിംഗ് ഇലവൻ): ക്രിസ് ഗെയ്ൽ, എവിൻ ലൂയിസ്, നിക്കോളാസ് പൂരൻ (വിക്കറ്റ് കീപ്പർ), റോസ്റ്റൺ ചേസ്, ഷിമ്രോൺ ഹെറ്റ്മെയർ, കീറോൺ പൊള്ളാർഡ് (കാപ്റ്റൻ), ആന്ദ്രെ റസ്സൽ, ജേസൺ ഹോൾഡർ, ഡ്വെയ്ൻ ബ്രാവോ, ഹെയ്ഡൻ വാൽഷ്, അകേൽ ഹൊസൈൻ