മുംബെെ: തനിക്ക് ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് താരത്തെ കുറിച്ച് മനസ്സുതുറന്നു വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. ഒരു ഇന്ത്യൻ താരത്തിന്റെ ബാറ്റിങ് കാണാനാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്ന് ലാറ പറഞ്ഞു. കെ.എൽരാഹുലിന്റെ ബാറ്റിങ് ശെെലിയെ കുറിച്ചാണ് ലാറ ഇക്കാര്യം പറഞ്ഞത്.
“കെ.എൽ.രാഹുൽ ക്ലാസ് ക്രിക്കറ്ററാണ്. നല്ല രീതിയിൽ ആസ്വദിക്കാൻ കഴിയുന്ന ബാറ്റിങ് ശെെലിയാണ് അദ്ദേഹത്തിന്റേത്. രാഹുലിന്റെ ബാറ്റിങ് കണ്ടുകൊണ്ടിരിക്കാൻ തന്നെ നല്ല രസമാണ്.” ഒരു ഇംഗ്ലീഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ലാറ പറഞ്ഞു.
Read Also: കൊറോണ: മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
റോഡ് സേഫ്റ്റി വേൾഡ് സീരിസിന്റെ ഭാഗമായി ലാറ ഇന്ത്യയിലുണ്ട്. വെസ്റ്റ് ഇൻഡീസ് ലെജൻഡ്സിനെ ലാറയാണ് നയിക്കുന്നത്. വെസ്റ്റ് ഇൻഡീസ് ലെജൻഡ്സും ഇന്ത്യൻ ലെജൻഡ്സും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം. സച്ചിൻ ടെൻഡുൽക്കറാണ് ഇന്ത്യൻ ലെജൻഡ്സിനെ നയിക്കുന്നത്. ആദ്യ മത്സരത്തിൽ ജയം ഇന്ത്യക്കൊപ്പമായിരുന്നു. ഏഴ് വിക്കറ്റിനാണ് സച്ചിനും കൂട്ടരും ലാറയുടെ ടീമിനെ പരാജയപ്പെടുത്തിയത്. മുംബെെയിൽ നടന്ന മത്സരം തനിക്കു മികച്ചൊരു അനുഭവമാണ് നൽകിയതെന്ന് ലാറ പറഞ്ഞു. മത്സരം കാണാനെത്തിയ കാണികൾ തന്നെ അതിശയിപ്പിച്ചെന്നും സച്ചിനെ വീണ്ടും ക്രിക്കറ്റ് മെെതാനത്ത് കണ്ടത് ഏറെ സന്തോഷിപ്പിച്ചെന്നും ലാറ പറഞ്ഞു.
Read Also: സിന്ധ്യ ബിജെപിയിലേക്ക്; രാജ്യസഭാ സീറ്റ് നൽകിയേക്കും
ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ താരമെന്നാണ് കെ.എൽ.രാഹുലിനെ വിശേഷിപ്പിക്കുന്നത്. ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാൻ സന്നദ്ധതയുള്ള താരമാണ് രാഹുൽ. ഓപ്പണറായും അഞ്ചാമനായും രാഹുൽ ബാറ്റ് വീശിയിട്ടുണ്ട്. 32 ഏകദിന മത്സരങ്ങളിൽ നിന്നായി 45.08 ശരാശരിയോടെ 1238 റൺസാണ് രാഹുൽ നേടിയിരിക്കുന്നത്. 42 ടി 20 മത്സരങ്ങളിൽ നിന്നു 45.65 ശരാശരിയോടെ 1127 റൺസും നേടിയിട്ടുണ്ട്.