രാജ്കോട്ട്: രാജ്കോട്ട് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ വെസ്റ്റ് ഇൻഡീസ് 181 റൺസിന് പുറത്ത്. 468 റൺസിന്റെ കൂറ്റൻ ലീഡാണ് വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ നേടിയിരിക്കുന്നത്. ഇതേതുടർന്ന് ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ ഫോളോ ഓണിനയച്ചു. 94/6 എന്ന നിലയിൽ‌ മൂന്നാം ദിനം കളി പുനരാരംഭിച്ച വെസ്റ്റ് ഇൻഡീസിന് 87 റൺസ് കൂട്ടിച്ചേർക്കുനെ സാധിച്ചുള്ളു. ഇതിനിടെയിൽ അവശേഷിച്ച 4 വിക്കറ്റുകൾ കൂടി നഷ്ടമാവുകയായിരുന്നു. ഇന്നലെ ഇന്ത്യ തങ്ങളുടെ ആദ്യ ഇന്നിംഗ്സ് 649/9 എന്ന കൂറ്റൻ സ്കോറിൽ ഡിക്ലയർ ചെയ്യുകയായിരുന്നു.

സ്പിന്നർമാരുടെ കരുത്തിലാണ് ഇന്ത്യ സന്ദർശകരെ ചുരുട്ടികൂട്ടിയത്. ഇന്ത്യക്കായി രവിചന്ദ്രൻ അശ്വിൻ 4 വിക്കറ്റെടുത്തപ്പോൾ മുഹമ്മദ് ഷമി രണ്ടും രവീന്ദ്ര ജഡേജ, കുൽദീപ്‌ യാദവ്, ഉമേഷ് യാദവ് എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി. മത്സരത്തിൽ ഫോളോ ഓൺ ചെയ്യുന്ന വെസ്റ്റിൻഡീസ് അവസാന വിവരം ലഭിക്കുമ്പോൾ അവരുടെ രണ്ടാം ഇന്നിംഗ്സിൽ 13/0 എന്ന നിലയിലാണ്.

48 ഓവറിൽ ആദ്യ ഇന്നിങ്സ് അവസാനിപ്പിച്ച വെസ്റ്റ് ഇൻഡീസ് നിരയിൽ 53 റൺസെടുത്ത റോസ്റ്റൻ ചേയ്സിനും, 47 റൺസെടുത്ത കീമോ പോളിനും മാത്രമേ തിളങ്ങാനായുള്ളു. നാല് വിൻഡീസ് ബാറ്റ്സ്മാന്മാരാണ് രണ്ടക്കം കാണാതെ പുറത്തായത്.

ഇന്നലെ രവീന്ദ്ര ജഡേജ കൂടി സെഞ്ചുറി തികച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ 600 കടക്കുകയായിരുന്നു. ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 649 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലെയര്‍ ചെയ്തു. 100 റണ്‍സുമായി രവീന്ദ്ര ജഡേജയും 2 റണ്‍സുമായി മുഹമ്മദ് ഷമിയും ക്രീസില്‍ നില്‍ക്കെയാണ് കോഹ്‌ലി ഇരുവരെയും മടക്കി വിളിച്ചത്.

ആദ്യദിനത്തില്‍ അരങ്ങേറ്റക്കാരന്‍ പൃഥ്വി ഷായുടെ സെഞ്ചുറി മികവില്‍ ഇന്ത്യ മികച്ച സ്‌കോര്‍ നേടിയിരുന്നു. 134 റണ്‍സുമായാണ് തന്റെ അരങ്ങേറ്റ ഇന്നിങ്സ് പൃഥ്വി ഷാ അവസാനിപ്പിച്ചത്. 154 പന്ത് ബാറ്റ് ചെയ്ത്, ദേവന്ദ്ര ബിഷുവിന്റെ പന്തില്‍ പുറത്തായി മടങ്ങുമ്പോഴേക്കും പൃഥ്വി ഒരുപിടി റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook