ഒരു ഇടവേളയ്ക്ക് ശേഷം ഫുട്ബോൾ പോലെ തന്നെ ക്രിക്കറ്റും സജീവമാകാനൊരുങ്ങുകയാണ്. ഈ നീക്കത്തിൽ എടുത്ത് പറയേണ്ട ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് വിൻഡീസ് ക്രിക്കറ്റ് ബോർഡ്. ജൂലൈയിൽ ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര നടക്കുമെന്ന് അറിയിച്ചതിന് പിന്നാലെ 14 അംഗ ടീമിനെ പ്രഖ്യപിച്ചിരിക്കുകയാണ് വിൻഡീസ് മാനേജ്മെന്റ്. അതേസമയം കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ ജീവൻ അപകടത്തിലാക്കാനില്ലെന്ന നിലപാടിൽ മൂന്ന് മുതിർന്ന താരങ്ങൾ പരമ്പരയിൽ നിന്ന് പിന്മാറിയിട്ടുണ്ട്.
ജൂലൈ എട്ടിന് ആരംഭിക്കുന്ന പരമ്പരയിൽ നിന്ന് ഡാരൺ ബ്രാവോ, ഷിമ്രോൺ ഹെറ്റ്മയർ, കീമോ പോൾ എന്നിവരാണ് പിന്മാറിയത്. അതേസമയം 11 അംഗ റിസർവ് ടീമിനെയും വിൻഡീസ് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് കരീബിയൻ ടീം ഇംഗ്ലണ്ടിൽ കളിക്കുന്നത്.
Also Read: വിരാടിന്റെ ഈ സ്വഭാവഗുണമാണ് ഞങ്ങൾക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നത്; നായകനെക്കുറിച്ച് കുൽദീപ്
പരമ്പരയിൽ നിന്ന് പിന്മാറാനുള്ള മുതിർന്ന താരങ്ങളുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് വിൻഡീസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. അവർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കില്ലെന്നും പിന്നീടുള്ള സെലക്ഷനെ നിലവിലെ തീരുമാനം ബാധിക്കില്ലെന്നും ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.
രണ്ട് സ്റ്റേഡിയങ്ങളിലായാണ് മത്സരം നടക്കുന്നത്. ജൂലൈ എട്ടിന് ആരംഭിക്കുന്ന മത്സരം ഹാംഷെയ്റിലും ജൂലൈ 16നും 24നും ആരംഭിക്കുന്ന രണ്ടും മൂന്നും മത്സരങ്ങൾ ഓൾഡ് ട്രഫോർഡിലുമാണ് സംഘടിപ്പിക്കപ്പെടുന്നത്. താരങ്ങളുടെ താമസം, ആശുപത്രി അടക്കമുള്ള വൈദ്യസഹായം എന്നിവ ഉറപ്പാക്കിക്കൊണ്ടാണ് ഇവിടെ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
Also Read: എക്കാലത്തെയും മികച്ച ഐപിഎൽ ഇലവനെ തിരഞ്ഞെടുത്ത് ഹാർദിക് പാണ്ഡ്യ; രോഹിത്തിന്റെ നായകസ്ഥാനം തെറിച്ചു
ജൂൺ 9ന് തന്നെ വിൻഡീസ് ടീം ഇംഗ്ലണ്ടിലെത്തും. ഓൾഡ് ട്രഫോർഡിലെത്തുന്ന ടീം അംഗങ്ങൾ മൂന്ന് ആഴ്ച ക്വറന്റീനിലും പിന്നീട് പരിശീലനത്തിനായും ചെലവഴിക്കും. താരങ്ങൾക്ക് കോവിഡ്-19 പരിശോധന അടക്കം നടത്തിയ ശേഷമായിരിക്കും മത്സരങ്ങൾ ആരംഭിക്കുക.