scorecardresearch
Latest News

വിന്‍ഡീസ് താരം ഡ്വെയ്ൻ ബ്രാവോ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

കരിയറില്‍ ഉടനീളം ക്രിക്കറ്റിനോട് തോന്നിയ ആവേശം ജീവിതത്തില്‍ ഉടനീളം ഉണ്ടാവുമെന്നും ബ്രാവോ

ബാർബഡോസ്: വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. 14 വര്‍ഷം മുമ്പ് തനിക്ക് മെയിഡന്‍ ക്യാപ് ലഭിച്ച നിമിഷം താന്‍ മറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കരിയറില്‍ ഉടനീളം ക്രിക്കറ്റിനോട് തോന്നിയ ആവേശം ജീവിതത്തില്‍ ഉടനീളം ഉണ്ടാവുമെന്നും ബ്രാവോ പറഞ്ഞു. അടുത്ത തലമുറയ്ക്ക് ദീപശിഖ കൈമാറാനുളള സമയമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരാധകരും കുടുംബവും കരിയറില്‍ ഉടനീളം നല്‍കിയ പിന്തുണയ്ക്ക് ബ്രാവോ നന്ദിയും പറഞ്ഞു.

ഐപിഎൽ ഉൾപ്പടെയുള്ള ട്വന്‍റി-20 ലീഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ബ്രാവോ രാജ്യാന്തര ക്രിക്കറ്റിനോട് വിടപറഞ്ഞത്. 35 വയസുകാരനായ ബ്രാവോ 2004-ലാണ് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത്. 164 ഏകദിനങ്ങളിലും 40 ടെസ്റ്റിലും 66 ട്വന്‍റി-20യിലും വിൻഡീസിനായി കളിച്ചു. 2016-ൽ പാക്കിസ്ഥാനെതിരെയാണ് ഒടുവിൽ രാജ്യാന്തര മത്സരം കളിച്ചത്.

ഏകദിനത്തിൽ 199 വിക്കറ്റുകളും 2,960 റണ്‍സും ബ്രാവോ നേടിയിട്ടുണ്ട്. ടെസ്റ്റിൽ 2,200 റണ്‍സും 86 വിക്കറ്റുകളും സന്പാദ്യമായുണ്ട്. ഐപിഎൽ, ബിഗ്ബാഷ് ലീഗ് തുടങ്ങി നിരവധി ട്വന്‍റി-20 ലീഗുകളിൽ മിന്നും താരമാണ് ബ്രാവോ. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയാണ് കളിക്കുന്നത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: West indies allrounder dwayne bravo announces retirement from international cricket