മുംബൈ: പകൽ-രാത്രി ടെസ്റ്റ് മൽസരം ഇന്ത്യൻ മണ്ണിലേക്കും. വരുന്ന ഒക്ടോബറിലായിരിക്കും ഇന്ത്യ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് മൽസരം കളിക്കുക. വെസ്റ്റ് ഇൻഡീസായിരിക്കും ഇന്ത്യയുടെ എതിരാളികൾ. ഡെ-നൈറ്റ് മൽസരം നടത്തുന്നത് സംബന്ധിച്ച് ബിസിസിഐയും വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡും തമ്മിൽ ധാരണയായിട്ടുണ്ട്.

വെസ്റ്റ് ഇൻഡീസിനെതിരെ രണ്ട് ടെസ്റ്റ് മൽസരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. ഗുജറാത്തിലെ രാജ്ഘോട്ടിൽവച്ചായിരിക്കും ഇന്ത്യയുടെ ആദ്യ ഡെ-നൈറ്റ് മൽസരം നടക്കുക. ഹൈദ്രാബാദിലായിരിക്കും രണ്ടാം ടെസ്റ്റ് മൽസരം നടക്കുക.

അതേസമയം, ടെസ്റ്റ് പരമ്പരയ്ക്ക് മുന്നേ ഒരു ഡേ-നൈറ്റ് സന്നാഹ മൽസരം തങ്ങൾക്കായി ഒരുക്കണമെന്ന് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ബിസിസിഐ അറിയിച്ചു.

വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ ഒരു ഏകദിന മൽസരം തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരിക്കും നടക്കുക. കേരളപ്പിറവി ദിനമായ നവംമ്പർ 1ന് ആണ് മൽസരം നിശ്ചയിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ