ക്രിക്കറ്റിൽ സ്ലെഡ്‌ജിങ്ങിന്റെ ഉസ്‌താദുമാരാണ് ഇന്ത്യൻ താരം ഹർഭജൻ സിങ്ങും പാക്കിസ്ഥാൻ താരം ശുഐബ് അക്‌തറും. ഇരുവരുടെയും പേരുകളുമായി ബന്ധപ്പെട്ട് ക്രിക്കറ്റിൽ നിരവധി വിവാദങ്ങളുണ്ട്. ഇപ്പോൾ ഇതാ ഹർഭജൻ സിങ്ങിനെ തല്ലാൻ താൻ ശ്രമിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി അക്‌തർ രംഗത്തെത്തിയിരിക്കുന്നു.

2010 മാർച്ചിൽ നടന്ന ഏഷ്യാകപ്പ് ടൂർണമെന്റിലെ ധാംബുള്ളയിലെ മത്സരത്തിനിടയിലാണ് താനും ഹർഭജനും ഏറ്റുമുട്ടിയതെന്ന് അക്‌തർ പറഞ്ഞു. അന്നത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത പാക്കിസ്ഥാൻ 268 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യയ്‌ക്കു മുന്നിലേക്ക് നീട്ടിയത്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ നന്നായി കളിച്ചു. മത്സരത്തിന്റെ 47-ാം ഓവറിൽ അക്‌തറിന്റെ പന്ത് ഹർഭജൻ അതിർത്തി കടത്തി. ഇതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. ഹർഭജനെതിരെ അക്‌തർ ബൗണ്‍സറുകൾ എറിഞ്ഞു. അക്‌തർ ഹർഭജനെ വാക്കുകൾ കൊണ്ടും പ്രകോപിപ്പിച്ചു. ഇരുവരും കളത്തിൽവച്ച് പരസ്‌പരം വാക്കുകൾ കൊണ്ട് ഏറ്റുമുട്ടാൻ തുടങ്ങി. ഒടുവില്‍ രണ്ട് പന്തില്‍ ജയിക്കാന്‍ മൂന്നു റണ്‍സ് വേണമെന്നിരിക്കെ സിക്‌സറടിച്ച് ഇന്ത്യയെ വിജയത്തിലെത്തിച്ച ശേഷം ഹര്‍ഭജന്‍ അക്തറിനെ നോക്കി അലറുകയായിരുന്നു. ഇത് ഇരുവർക്കുമിടയിൽ വലിയ പ്രശ്‌നമായി.

Read Also: ഉംപുൻ ചുഴലിക്കാറ്റ്: ചൊവ്വാഴ്‌ചയോടെ ഇന്ത്യൻ തീരത്തേക്ക്, 200 കി.മി വേഗത കെെവരിക്കാൻ സാധ്യത

മെെതാനത്തുണ്ടായ സംഭവങ്ങൾക്കു പിന്നാലെ അക്‌തർ ഹർഭജനെ വെല്ലുവിളിച്ചു. ഹർഭജനെ തല്ലുമെന്ന് അക്‌തർ ഭീഷണിയുയർത്തി. തന്നെ തല്ലുമെന്ന് അക്‌തർ പറഞ്ഞതായി ഹർഭജനും ഒരിക്കൽ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, താൻ നടത്തിയതു വെറും വെല്ലുവിളി മാത്രമല്ലെന്നും ഹർഭജനെ തല്ലാൻ ഹോട്ടൽ മുറിയിലേക്ക് പോയിട്ടുണ്ടെന്നും അക്‌തർ വെളിപ്പെടുത്തുന്നു.

“ഹർഭജനെ തല്ലാൻ ഞാൻ ഹോട്ടൽ മുറിയിലേക്ക് പോയി. ഞങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിച്ച്, ലാഹോറില്‍ ഞങ്ങള്‍ക്കൊപ്പം കറങ്ങി, ഞങ്ങളുടേതിന് സമാനമായ സംസ്‌കാരമുള്ള, പഞ്ചാബി സഹോദരന് എങ്ങനെ ഞങ്ങളോട് മോശമായി പെരുമാറാൻ സാധിക്കുന്നു? ഹോട്ടൽ മുറിയിൽ ചെന്ന് ഹർഭജനെ എങ്ങനെയെങ്കിലും തല്ലണം എന്നു ഉദ്ദേശിച്ചാണ് ഞാൻ പോയത്. ഞാൻ ഹോട്ടൽ മുറിയിലേക്ക് വരുന്നുണ്ടെന്ന് അവനും അറിയാമായിരുന്നു. ഹോട്ടൽ മുറിയിലെത്തി ഞാൻ ഹർഭജനെ നോക്കി. പക്ഷേ, അവൻ അവിടെ ഉണ്ടായിരുന്നില്ല. അവനെ അവിടെ കണ്ടെത്താൻ സാധിച്ചില്ല. ഞാൻ തിരിച്ചുപോയി. അടുത്ത ദിവസം ആകുമ്പോഴേക്കും എന്റെ ദേഷ്യം തണുത്തു. ഞാൻ സാധാരണ നിലയിലായി. ഹർഭജൻ വന്ന് എന്നോട് ക്ഷമ ചോദിക്കുകയും ചെയ്‌തു.” അക്‌തർ വെളിപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook