റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, ആരാധകര്‍ക്ക് ടെന്നിസിന്റെ പര്യയായപദങ്ങളാണ് ഈ പേരുകള്‍. ഒരു നാണയത്തിന്റെ രണ്ട് വശങ്ങള്‍ പോലെ.
കോടിക്കണക്കിന് ആരാധകരുടെ ഹൃദയം തകര്‍ത്തുകൊണ്ട് ഫെഡറര്‍ ഇന്നലെ വിരമിക്കല്‍ പ്രഖ്യാപിച്ചു. തന്റെ ഐതിഹാസിക കരിയറിന് ലേവര്‍ കപ്പിന് ശേഷം അവസാനമാകുകയാണെന്ന് ഫെഡറര്‍ ഒരു കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു. ഒരു യുഗാന്ത്യം മാത്രമല്ല, ടെന്നിസ് ചരിത്രം കണ്ട ഏറ്റവും വലിയ വൈരത്തിന്റെ കൂടെ അവസാനമാണിത്.
ഒട്ടനവധി താരങ്ങളെ പോലെ ഫെഡററിനുള്ള നദാലിന്റെ ആശംസയും വൈകാരികമായിരുന്നു.
“എന്റെ സുഹൃത്തും എതിരാളിയുമായ പ്രിയപ്പെട്ട റോഡര്‍. ഈ ദിവസം ഒരിക്കലും സംഭവിക്കരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് വ്യക്തിപരമായും കായിക ലോകത്തിനും ഇത് സങ്കടം നിറഞ്ഞ ദിനമാണ്. കോര്‍ട്ടിനകത്തും പുറത്തും നിങ്ങള്‍ക്കൊപ്പം അത്ഭുതകരമായ നിമിഷങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിഞ്ഞത് സന്തോഷവും അഭിമാനവുമാണ്,” നദാല്‍ ട്വിറ്ററില്‍ കുറിച്ചു.
“ഭാവിയിലും ഒരുപാട് നിമിഷങ്ങള്‍ നാം ഒരുമിച്ച് പങ്കുവയ്ക്കും, അത് നമുക്കറിയാം. ഇപ്പോൾ, നിങ്ങളുടെ ഭാര്യ, മിർക്ക, കുട്ടികൾ, കുടുംബം എന്നിവരോടൊപ്പം നിങ്ങൾക്ക് എല്ലാ സന്തോഷവും നേരുന്നു. മുന്നിലുള്ള ജീവിതം ആസ്വദിക്കുക, ലേവര്‍ കപ്പില്‍ കാണാം,” നദാല്‍ കൂട്ടിച്ചേര്‍ത്തു.
ലേവര്‍ കപ്പില്‍ നദാലും ഫെഡററും ഡബിള്‍സിനിറങ്ങും.