വരാന്‍ പോകുന്ന ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകള്‍ പൃഥ്വി ഷായും റിഷഭ് പന്തും ആയിരിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഇരുവര്‍ക്കും കഴിഞ്ഞ രണ്ട് ടെസ്റ്റുകളില്‍ പൂര്‍ണ സ്വാതന്ത്ര്യമാണ് കൊടുത്തിരുന്നതെന്ന് വിരാട് കോഹ്‌ലി പറഞ്ഞു. ‘പൂര്‍ണമായ സ്വാതന്ത്ര്യത്തോടെ അവര്‍ കളിക്കുന്നത് ഞങ്ങള്‍ നോക്കുകയായിരുന്നു. പൃഥ്വി ഷാ അസാധാരണ പ്രകടനമാണ് നടത്തിയത്. റിഷഭ് ശരിക്കും പേടിയില്ലാത്തയാളാണ്. അവരുടെ അവസരം ഇരുവരും മുതലാക്കിയതില്‍ ഞാന്‍ സന്തോഷവാനാണ്,’ കോഹ്‌ലി പറഞ്ഞു.

‘വരാന്‍ പോകുന്ന മത്സരങ്ങളുടെ അത്ര വെല്ലുവിളി നിറഞ്ഞതായിരുന്നില്ല കഴിഞ്ഞ മത്സരം എന്നത് ശരിയാണ്. പക്ഷെ ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ് നേടാനാവുമെന്ന ആത്മവിശ്വാസം വളരെ വലുതാണ്. പൃഥ്വി ഷാ തന്റെ കളിയില്‍ വളരെ ആത്മവിശ്വാസമുളളയാളാണ്. വളരെ അപൂര്‍വ്വമായ കഴിവാണ് അദ്ദേഹത്തിന്. ഞങ്ങളുടെയൊക്കെ 18-19 വയസില്‍ അയാളുടെ 10 ശതമാനം പോലും കഴിവ് ഞങ്ങള്‍ക്കുണ്ടായിരുന്നെന്ന് എനിക്ക് തോന്നുന്നില്ല,’ കോഹ്‌ലി ഷായെ പുകഴ്ത്തി.

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യ തകർപ്പൻ വിജയമാണ് നേടിയത്. വിൻഡീസിനെ രണ്ടാം ഇന്നിങ്സിൽ നിഷ്‌പ്രഭരാക്കി, പത്ത് വിക്കറ്റിനാണ് ഇന്ത്യ വിജയത്തേരിലേറിയത്. ഇന്ത്യൻ താരനിരയിൽ നിർണ്ണായകമായത് യുവതാരം പൃഥ്വി ഷായുടെ പ്രകടനമാണ്.

ആദ്യ ഇന്നിങ്സിൽ അർദ്ധ സെഞ്ചുറി നേടിയ താരം, രണ്ടാം ഇന്നിങ്സിൽ ബിഷുവിന്റെ പന്ത് ബൗണ്ടറി പായിച്ച് ഇന്ത്യയെ വിജയ തീരത്തേക്ക് എത്തിക്കുകയും ചെയ്തു. കരിയറിന്റെ തുടക്കത്തിൽ തന്നെ തകർപ്പൻ പ്രകടനത്തിലൂടെ റെക്കോർഡുകളുടെ നീണ്ട നിര തന്റെ പേരിൽ കുറിക്കുകയും ചെയ്തു ഈ കൗമാരതാരം.

എടുത്ത് പറയേണ്ടത് ക്രിക്കറ്റ് ഇതിഹാസം ബ്രാഡ്മാനെ മറികടക്കുന്ന നേട്ടമാണ്. ടെസ്റ്റ് കരിയറിലെ ഏറ്റവും ഉയർന്ന ബാറ്റിങ് ശരാശരി ഇപ്പോൾ പന്തിന്റെ പേരിലാണ്. 118.50 ആണ് ഷായുടെ ബാറ്റിങ് ശരാശരി. ഈ പട്ടികയിൽ ഷാക്ക് പിന്നിൽ ആരൊക്കെയെന്ന് കേട്ടാൽ ഞെട്ടും. മുൻ വെസ്റ്റ് ഇൻഡീസ് താരം ആന്റി ഗന്റെയും ക്രിക്കറ്റ് ഇതിഹാസം ഡോൺ ബ്രാഡ്മാനുമാണ് ഏറ്റവും ഉയർന്ന ബാറ്റിങ് ശരാശരിയുള്ള മറ്റ് താരങ്ങൾ. 99.94 ആണ് ബ്രാഡ്മാന്റെ ശരാശരി.

വിജയ റൺ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരവും പൃഥ്വി ഷാ തന്നെ. ദക്ഷിണാഫ്രിക്കയുടെ പാറ്റ് കുമ്മിൻസാണ് ഇക്കാര്യത്തിൽ ഷാക്ക് മുന്നിലുള്ളത്. 18 വയസ്സും 339 ദിവസവും പ്രായമുള്ളപ്പോഴാണ് ബിഷുവിനെ ബൗണ്ടറി കടത്തി ഷാ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

അരങ്ങേറ്റത്തിൽ തന്നെ ടൂർണ്ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെടുന്ന പത്താമത്തെ താരമാണ് ഷാ. ഇന്ത്യൻ താരങ്ങളിൽ നാലാമനും. 1996 ൽ ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ പരമ്പരയിൽ തന്നെ പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ട മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയാണ് പട്ടികയിൽ ഒന്നാമത്.

രണ്ട് മത്സരങ്ങളിൽ നിന്ന് ഒന്ന് വീതവും സെഞ്ചുറിയും അർദ്ധ സെഞ്ചുറിയും നേടിയ ഷായുടെ ആകെ സമ്പാദ്യം 237 റൺസാണ്. രാജ്കോട്ടിൽ നടന്ന ആദ്യ മത്സരത്തിൽ 134 റൺസാണ് പൃഥ്വി ഷാ നേടിയത്. ഹൈദരാബാദ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 70 റൺസും രണ്ടാം ഇന്നിങ്സിൽ 33 റൺസും താരം നേടി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ