ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ മത്സരത്തിൽ ആതിഥേയർ ഇന്ത്യയെ പരാജയപ്പെടുത്തി. 34 റൺസിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. ഓസ്ട്രേലിയ ഉയർത്തിയ 289 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 254 റൺസിന് പുറത്താവുകയായിരുന്നു. രോഹിത്തിനും ധോണിക്കും മാത്രമാണ് ഇന്ത്യൻ നിരയിൽ കാര്യമായ ചെറുത്ത്നിൽപ്പ് നടത്താൻ കഴിഞ്ഞത്. ഇതിന് പിന്നാലെയാണ് ധോണിയുടെ വിക്കറ്റ് നിർണായകമായതെന്ന ഓസിസ് താരത്തിന്റെ വെളിപ്പെടുത്തൽ.
പത്ത് ഓവറിൽ നാല് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബാറ്റിങ് നിരയുടെ നടുവൊടിച്ചിട്ട റിച്ചാർഡ്സണാണ് ധോണിയുടെ വിക്കറ്റ് ഭാഗ്യമായി എന്ന് പറഞ്ഞത്. 26 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ റിച്ചാർഡ്സൺ തന്നെയാണ് കളിയിലെ താരവും.
” രോഹിതും ധോണിയും ചേർന്ന് ഒരു മികച്ച കൂട്ടുകെട്ട് മധ്യ ഓവറുകളിൽ തീർത്തു. ഒരുഘട്ടത്തിൽ മത്സരം ഞങ്ങളുടെ കൈവിട്ട് പോകുന്ന സ്ഥിതി വരെയുണ്ടായി. എന്നാൽ ധോണിയുടെ വിക്കറ്റ് വീഴ്ത്താനായത് ഭാഗ്യമായി എന്ന് വേണം പറയാൻ. പിന്നീടാണ് ഞങ്ങൾ മത്സരത്തിലേക്ക് തിരിച്ചുവന്നത്,” റിച്ചാർഡ്സൺ പറഞ്ഞു.
രോഹിത്തിന്റെ പ്രകടനത്തെകുറിച്ചും റിച്ചാർഡ്സൺ വാചലനായി. രോഹിത് നന്നായി ബാറ്റ് വീശിയെന്നും അദ്ദേഹം അപകടകാരിയായത് തങ്ങൾക്ക് മനസിലായപ്പോൾ തന്ത്രം മാറ്റിയെന്നുമാണ് ഓസ്ട്രേലിയൻ താരം പറഞ്ഞത്. ഓസ്ട്രേലിയൻ വിജയത്തിൽ നിർണായക പങ്കാണ് ഈ യുവതാരം വഹിച്ചത്.
മത്സരത്തിൽ ഏകദിന ക്രിക്കറ്റിൽ സ്വന്തം രാജ്യത്തിന് വേണ്ടി പതിനായിരം റൺസ് തികയ്ക്കുന്ന അഞ്ചാമത്തെ താരമായി മുൻ ഇന്ത്യൻ നായകൻ എം എസ് ധോണി മാറി. സിഡ്നിയിൽ നടക്കുന്ന ഇന്ത്യ ഓസ്ട്രേലിയ ആദ്യ ഏകദിനത്തിലാണ് ധോണി ചരിത്രം കുറിച്ചത്. ഇന്ന് ഓസ്ട്രേലിയക്കെതിരെ ആദ്യ റൺസ് നേടിയപ്പോൾ തന്നെ ധോണി പതിനായിരം പിന്നിട്ടു.