മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ രണ്ടും ജയിച്ച് പരമ്പര സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക അവശേഷിക്കുന്ന മത്സരവും ജയിക്കാൻ തന്നെ ലക്ഷ്യമിടുന്നുവെന്ന് ബോളർ കഗിസോ റബഡ. ഇന്ത്യയെ മൂന്നാം ടെസ്റ്റിലും തോൽപ്പിച്ച് വെള്ള പൂശാനാണ് ദക്ഷിണാഫ്രിക്കൻ ടീം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
“ഫാസ്റ്റ് ബോളിംഗിനെ എങ്ങിനെ നേരിടണമെന്ന് ഞങ്ങൾക്കറിയാം. അവരുടെ ആക്രമണങ്ങൾ ഫലം കാണാതെ പോയപ്പോൾ ഞങ്ങൾക്ക് കൂടുതൽ കൈയ്യടി ലഭിച്ചു. ഓരോ മത്സരവും ജയിക്കാൻ വേണ്ടിയുളളതാണ്. മൂന്നാം ടെസ്റ്റിലും വിജയം ദക്ഷിണാഫ്രിക്കയ്ക്ക് തന്നെയാകും”, റബഡ പറഞ്ഞു.
“ഇന്ത്യൻ സംഘത്തിൽ മികച്ച കളിക്കാരുണ്ട്. പക്ഷെ അവർ കോഹ്ലിയെ കൂടുതലായി ആശ്രയിക്കുന്നു. ഞങ്ങളുടെ ബാറ്റിംഗ് നിരയിൽ രണ്ടോ അതിലധികമോ താരങ്ങളെ ആശ്രയിക്കുമ്പോൾ ഇന്ത്യ ഒരേയൊരു താരത്തിന്റെ പ്രകടനത്തിൽ പ്രതീക്ഷയർപ്പിക്കുന്നു”, റബഡ വിമർശിച്ചു.
“അദ്ദേഹത്തിന് പന്തെറിയുന്നത് എപ്പോഴും ആസ്വദിച്ചാണ്. ഐസിസി പ്ലേയർ ഓഫ് ദി ഇയർ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാന് നേരെ പന്തെറിയുമ്പോഴാണ് വെല്ലുവിളിയേറെ”, റബഡ പറഞ്ഞു.
അതേസമയം ഇന്ത്യൻ ടീമിന്റെ പരിശീലന മുറകൾ തങ്ങളുടെ ആലോചനയിൽ തീരെയില്ലെന്നും അദ്ദേഹം പറഞ്ഞു. “അത് ഞങ്ങളുടെ ചിന്തയിലേയില്ല. എത്ര വേഗത്തിൽ എങ്ങിനെ എല്ലാവരെയും പുറത്താക്കാമെന്നാണ് ഞങ്ങൾ പഠിക്കുന്നത്.
അതേസമയം ഇന്ത്യൻ പേസ് ബോളിംഗിനെ അഭിനന്ദിക്കാനും റബഡ മറന്നില്ല. ബുമ്ര മികച്ച താരമാണ്. മുഹമ്മദ് ഷമിയും ഭുവനേശ്വർ കുമാറും ഉമേഷ് യാദവും ചേരുമ്പോൾ ഇന്ത്യൻ പേസ് ആക്രമണത്തിന് വൈവിധ്യ ശേഷിയുണ്ടെന്നും റബഡ പറഞ്ഞു.
ആതിഥേയത്വം വഹിക്കുന്ന ദക്ഷിണാഫ്രിക്കൻ ടീം ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റും വിജയിച്ചിരുന്നു. ആദ്യ മത്സരം 72 റണ്ണിനും രണ്ടാമത്തെ മത്സരം 135 റണ്ണിനുമാണ് ഇന്ത്യ പരാജയപ്പെട്ടത്. രണ്ട് മത്സരത്തിലും ദക്ഷിണാഫ്രിക്കൻ ബോളിംഗാണ് ഇന്ത്യൻ ടീമിന്റെ നട്ടെല്ലൊടിച്ചത്.