ദുബായ്: ഏഷ്യാ കപ്പില്‍ എല്ലാവരും കാത്തിരിക്കുന്നത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ കാണാനായാണ്. കളിക്കളത്തിലെ ഏറ്റവും വലിയ വൈര്യത്തിന് നാളുകളായി തുടരുന്ന കാത്തിരിപ്പാണ് അവസാനിക്കുന്നത്. താരങ്ങളും ആരാധകരും ഒരുപോലെ ആകാംക്ഷ ഭരിതരാണ്. അതേസമയം, ഇന്ത്യയെ നേരിടാന്‍ തയ്യാറാണെന്നാണ് പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ് പറയുന്നത്.

ഇന്ത്യയ്ക്കെതിരെ വിജയിക്കണമെങ്കില്‍ ബാറ്റിങ്ങിലും ബോളിങ്ങിലും ഫീല്‍ഡിങ്ങിലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ എന്ന് സര്‍ഫ്രാസ് പറഞ്ഞു. ഹോങ്കോങ്ങിനെതിരായ മത്സരശേഷമാണ് പാക് നായകന്‍ നയം വ്യക്തമാക്കിയത്. ഹോങ്കോങ്ങിനെതിരെ മികച്ച വിജയം നേടാനായെങ്കിലും ഇന്ത്യയ്‌ക്കെതിരെ ജയിക്കണമെങ്കില്‍ ഇതൊന്നും മതിയാകില്ലെന്നാണ് താരത്തിന്റെ പക്ഷം.

‘ന്യൂ ബോളില്‍ മികച്ച രീതിയില്‍ പന്തെറിയേണ്ടതുണ്ട്. തുടക്കത്തിലെ വിക്കറ്റുകള്‍ പിഴുതെറിയണം. ഹോങ്കോങ്ങിനെതിരായ മത്സരത്തില്‍ പന്ത് വേണ്ടത്ര സ്വിങ് ചെയ്തിരുന്നില്ല. അത് തങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ്. അടുത്ത പ്രാക്ടീസ് സെഷനില്‍ ഇക്കാര്യം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും’ സര്‍ഫ്രാസ് പറഞ്ഞു. 19-ാം തിയതിയാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ- പാക് പോരാട്ടം. അതിന് മുന്‍പ് ഇന്ത്യയ്ക്ക് ഹോങ്കോങ്ങുമായി മത്സരമുണ്ട്.

കഴിഞ്ഞ ദിവസം ദുര്‍ബലരായ ഹോങ്കോങ്ങിനെ 116ല്‍ ചുരുട്ടിക്കെട്ടിയിരുന്നു പാക്കിസ്ഥാന്‍ ബോളര്‍മാര്‍. മറുപടി ബാറ്റിങ്ങില്‍ 23.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തുകയും ചെയ്തു. മൂന്ന് വിക്കറ്റുമായി ഇടംകൈയ്യന്‍ പേസര്‍ ഉസ്മാന്‍ ഖാന്‍ തിളങ്ങിയപ്പോള്‍ ഓപ്പണര്‍ ഇമാം ഉള്‍ ഹഖ് അര്‍ദ്ധ സെഞ്ചുറി (50) നേടി. അതേസമയം, ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനത്തില്‍ നിന്നും ഇന്ത്യൻ ടീമിനെ തിരികെ കൊണ്ടു വരിക എന്ന ലക്ഷ്യവുമായാണ് പരിശീലകന്‍ രവി ശാസ്ത്രിയെത്തിയിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ