ജൊഹന്നാസ്ബെർഗ്: ഒരിക്കൽ കൂടി പിങ്ക് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്ക വിജയം നേടി. ഇതുവരെ പരമ്പരയിൽ ഇന്ത്യ നിലനിർത്തിയ മേധാവിത്വം തച്ചുതകർത്താണ് ഡിവില്ലിയേഴ്സ് ആക്രമണം തുടങ്ങിവച്ചത്. അത് പെഹ്‌ലുക്‌വായോ പൂർത്തിയാക്കിയപ്പൾ ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത് അഞ്ച് വിക്കറ്റിന്റെ സുന്ദര വിജയം.

മഴ തടസപ്പെടുത്തിയ മത്സരത്തിൽ 28 ഓവറിൽ 202 ആയിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. ഇത് ഏകദിനമല്ല ടി20 ആണെന്ന് വിശേഷിപ്പിച്ച ഇന്ത്യൻ നായകൻ പരാജയത്തിന്റെ പാപഭാരത്തോടെയാണ് ഇന്നലെ സംസാരിച്ചത്.

ഇന്നലെ മഴക്ക് ശേഷം ഇന്ത്യക്ക് ബോളിംഗിൽ പതറിപ്പോയതും, ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാന്മാർ ഇന്ത്യൻ സ്പിന്നർമാരെ അടിച്ചുപറത്തിയതുമെല്ലാം ഇന്ത്യൻ നായകന് കടുത്ത വിഷമത്തിലാക്കി.

“ദക്ഷിണാഫ്രിക്ക നന്നായി കളിച്ചു. വിജയം അവർക്കർഹതപ്പെട്ടതായിരുന്നു. ഞങ്ങൾ ജയിക്കാൻ അർഹരായിരുന്നില്ല. പിച്ചിന് വൈകുന്നേരം വേഗത കൂടി. അതാണ് നമ്മുടെ താരങ്ങൾക്ക് ലക്ഷ്യം നേടാൻ സാധിക്കാതിരുന്നത്”, കോഹ്ലി പറഞ്ഞു.

ഒരു ഘട്ടത്തിൽ പടുകൂറ്റൻ സ്കോറിലേക്ക് കുതിച്ച ഇന്ത്യയെ ദക്ഷിണാഫ്രിക്കൻ ബോളർമാർ ഇന്നലെ പിടിച്ചുകെട്ടുകയായിരുന്നു. രോഹിത് ശർമ്മയെ ടീം സ്കോർ 20 നിൽക്കേ നഷ്ടപ്പെട്ട ഇന്ത്യ രണ്ടാം വിക്കറ്റിൽ കോഹ്ലിയും ധവാനും ചേർന്ന് 150 കൂട്ടിച്ചേർത്തതോടെ ഈ മത്സരവും ജയിക്കാനുളളതാണ് എന്ന് ഉറപ്പിച്ചതാണ്.

എന്നാൽ കോഹ്ലിയുടെ വിക്കറ്റ് വീണതോടെ മത്സരത്തിന്റെ നിയന്ത്രണം ദക്ഷിണാഫ്രിക്കൻ ബോളർമാർ ഏറ്റെടുത്തു.  ഇതോടെ 50 ഓവറിൽ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 289 റൺസിൽ റൺവേട്ട അവസാനിപ്പിച്ചു. ധവാന്റെ സെഞ്ച്വറിയും കോഹ്ലിയുടെ അർദ്ധസെഞ്ച്വറിയുമാണ് ഇന്ത്യൻ ഇന്നിംഗ്സിൽ എടുത്തുപറയാനുണ്ടായിരുന്നത്.

“മഴക്ക് ശേഷമുളള കളിസമയത്ത് റൺസും ബോളും തമ്മിൽ 35 ആയിരുന്നു വ്യത്യാസം. കളി ടി20 നിലവാരത്തിലേക്ക് മാറിയിരുന്നു. പിന്നീട് എല്ലാം ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമായി”, കോഹ്ലി പറഞ്ഞു.

നനവായതോടെ പന്തുകൾ ലൈനിൽ എറിയാൻ സാധിച്ചില്ലെന്നും പന്തിന് ടേൺ കിട്ടിയില്ലെന്നും കോഹ്ലി പഴിച്ചു. പിങ്ക് ഏകദിന ക്രിക്കറ്റിലെ വിജയഗാഥ വീണ്ടും രചിച്ച ദക്ഷിണാഫ്രിക്ക, നായകനെന്ന നിലയിൽ എയ്ഡൻ മർക്കാരത്തിന്റെ ആദ്യ വിജയവും നേടി.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ