വിക്കറ്റിന് പുറകിൽ മിന്നൽപ്രകടനം നടത്തി ബാറ്റ്സ്‌മാന്മാരുടെ വിക്കറ്റ് വീഴ്ത്തുന്നതിൽ അഗ്രഗണ്യനായ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ ശൈലി പഠന വിധേയമാക്കേണ്ടതാണെന്ന് ഇന്ത്യൻ ഫീൽഡിങ് കോച്ച്. 400 പേരെ പുറത്താക്കി റെക്കോർഡ് നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന നേട്ടം കൊയ്ത ധോണിയുടെ ശൈലി ആർക്കും അനുകരിക്കാനാവാത്തതാണെന്നും ഇതിൽ ഭാവി താരങ്ങൾക്ക് പഠിക്കാൻ പലതുമുണ്ടെന്നും ആർ.ശ്രീധർ പറഞ്ഞു.

“ധോണിയുടേത് തനത് ശൈലിയാണ്, അതാണ് അദ്ദേഹത്തെ എപ്പോഴും ഒരു ജേതാവായി നിലനിർത്തുന്നതും. അദ്ദേഹത്തിന്റെ വിക്കറ്റ് കീപ്പിങ് ശൈലിയെ കുറിച്ച് നമുക്കൊരു ഗവേഷണം തന്നെ നടത്താൻ സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്. ദി മാഹി വേ (the mahi way) എന്നാണ് ഞാനതിനെ വിശേഷിപ്പിക്കാൻ ആഗ്രിക്കുന്നത്. മറ്റാർക്കും അനുകരിക്കാൻ സാധിക്കാത്ത പലതും അദ്ദേഹത്തിന്റെ ശൈലിയിലുണ്ട്. അദ്ദേഹത്തിന് പകരം അദ്ദേഹം മാത്രമേയുളളൂ. ഓരോ ക്രിക്കറ്ററും അങ്ങിനെ ആയിരിക്കണം”, ശ്രീധർ വ്യക്തമാക്കി.

Read More: “ധോണി മാഹാനായ ക്യാപ്റ്റൻ”, പ്രശംസയിൽ പൊതിഞ്ഞ് ഓസീസ് ബാറ്റിംഗ് ഇതിഹാസം

“സ്പിന്നർമാരെ സംബന്ധിച്ചിടത്തോളം അദ്ദേഹമാണ് ഏറ്റവും മികച്ച കീപ്പർ. സ്റ്റംപ് ചെയ്യുമ്പോൾ മിന്നൽ വേഗത്തിലാണ് അദ്ദേഹത്തിന്റെ കൈകൾ ചലിക്കുന്നതെന്ന് നമുക്കെല്ലാമറിയാം. അദ്ദേഹത്തെ വേറിട്ട കളിക്കാരനാക്കി നിർത്തുന്നത് അതാണ്. വളരെ രസകരമാണ് അത് കാണാൻ. ആ ശൈലിയില്ലാത്ത മറ്റുളളവർക്ക് അദ്ദേഹത്തിന്റെ കളിമികവ് ഒരു വലിയ കടമ്പ തന്നെയാണ്”, ശ്രീധർ പറഞ്ഞു.

ഇന്ത്യയ്ക്ക് മധ്യനിരയിൽ ഏറ്റവും ആശ്രയിക്കാവുന്ന താരം മഹേന്ദ്ര സിങ് ധോണി തന്നെയാണെന്ന് വ്യക്തമാക്കിയ ഫീൽഡിങ് കോച്ച് അദ്ദേഹത്തിനൊപ്പം കൂട്ടുകെട്ടിൽ പങ്കാളിയാകാൻ മറ്റ് താരങ്ങൾക്കും സാധിക്കണമെന്നും വിശദീകരിച്ചു.

“കൂടുതൽ ഫിനിഷർമാരെ നമുക്ക് വേണം. സാഹചര്യങ്ങൾക്ക് അനുസരിച്ച് ബാറ്റ് വീശാൻ സാധിക്കുന്ന ബാറ്റ്സ്‌മാന്മാരെ 5, 6, 7 നമ്പറുകളിൽ നമുക്ക് ആവശ്യമുണ്ട്. അതുകൊണ്ടാണ് ഈ സ്ഥാനങ്ങളിൽ എപ്പോഴും താരങ്ങളെ മാറ്റി മാറ്റി കളിപ്പിക്കുന്നത്. വളരെ വേഗത്തിൽ ഈ സ്ഥാനങ്ങളിൽ കൃത്യമായി താരങ്ങളെ നിലനിർത്തി കളിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷ. ലോകകപ്പിന് മുൻപ് തന്നെ ഇത് സാധിക്കും”, ശ്രീധർ കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ