പാക്കിസ്ഥാനെതിരെ വിലക്ക് ഏർപ്പെടുത്തണമെന്ന ആവശ്യം ഐസിസിയുടെ മുന്നിൽ ബിസിസിഐ വീണ്ടും ആവർത്തിക്കുമെന്ന് കമ്മിറ്റ് ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് ചെയർമാൻ(സിഒഎ) വിനോദ് റായ്. നേരത്തെ ബിസിസിഐയുടെ ഈ ആവശ്യം ഐസിസി തള്ളിയിരുന്നു. അതേസമയം ലോകകപ്പിൽ പാക്കിസ്ഥാനുമായുള്ള മത്സരം ഇന്ത്യ ഉപേക്ഷിക്കുമോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീകരവാദം വളരാൻ അനുവദിക്കുന്ന രാജ്യങ്ങളെ ഐസിസി മത്സരങ്ങളിൽ നിന്ന് വിലക്കണമെന്നായിരുന്നു ബിസിസിഐയുടെ ആവശ്യം.

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾ വീണ്ടും സജീവമാകുന്നത്. ഇത് കായിക മേഖലയിലും വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിൽ വരുന്ന ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം ബഹിഷ്കരിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തി. അന്തിമ തീരുമാനത്തിൽ ബിസിസിഐ എത്തിയിരുന്നില്ല. ജൂൺ 16നാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ലോകകപ്പ് മത്സരം.

” ഇനിയും നാല് മാസം നമ്മുടെ മുന്നിലുണ്ട്. സുരക്ഷ സംബന്ധിച്ചുള്ള ഉത്കണ്ഠ ഐസിസിയെ അറിയിച്ചിട്ടുണ്ട്. സുരക്ഷ ശക്തമാക്കാമെന്നാണ് ലഭിച്ചിരിക്കുന്ന ഉറപ്പും. പാക്കിസ്ഥാനെ ബഹിഷ്കരിക്കണമെന്ന് ബിസിസിഐയുടെ വാദം ഐസിസി പൂർണമായും തള്ളിയിട്ടില്ല.” വിനോദ് റായ് പറഞ്ഞു.

ഐസിസി ചെയർമാൻ ശശാങ്ക് മനോഹറുമായി ഈ മാസം നടക്കുന്ന ചർച്ചയിൽ പാക്കിസ്ഥാൻ വിഷയവും സിഒഎ ഉന്നയിക്കുമെന്നാണ് സൂചന. വാഡയുമായി ബന്ധപ്പെട്ട പരാതികളും ചർച്ചയിൽ വിഷയമാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook