വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ടെസ്റ്റ്‌ മാച്ചിനൊരുങ്ങുകയാണ് ഇന്ത്യ. ഇംഗ്ലണ്ടിനെതിരെയുള്ള ടൂർണമെന്റിനു ഒരുങ്ങാന്‍ കൗണ്ടി ക്രിക്കറ്റ് കളിയ്ക്കാന്‍ പോവുകയാണെന്ന് കോഹ്‌ലി നേരത്തെ തന്നെ അറിയിച്ചിരുന്നു. ജൂലൈ 14നു ബെംഗളൂരുവില്‍ നടക്കുന്ന കളിയില്‍ അജിങ്ക്യ രഹാനെ ആയിരിക്കും ടീമിനെ നയിക്കാന്‍ പോകുന്നത്. എന്നാല്‍ വിരാട് കോഹ്‌ലി ഇല്ലെങ്കിലും തങ്ങള്‍ക്കു ബുദ്ധിമുട്ടുള്ള ഒരു കളിയായിരിക്കും നേരിടേണ്ടി വരിക എന്നാണു അഫ്ഗാനിസ്ഥാന്‍ ക്യാപ്റ്റന്‍ അസ്ഗർ സ്റ്റാനിക്സൈ പറയുന്നത്.

“ഇന്ത്യന്‍ ടീമിലെ എല്ലാവരും തന്നെ വളരെ നല്ല കളിക്കാരാണ്. അതിനാല്‍ തന്നെ എല്ലാവരും വിരാട് കോഹ്‌ലിയാണ്. ഞങ്ങള്‍ ഇന്ത്യന്‍ ടീമിനെതിരെയാണ്‌ കളിയ്ക്കാന്‍ വന്നിരിക്കുന്നത്, അല്ലാതെ വിരാട് കോഹ്‌ലിയ്ക്കെതിരെ മാത്രല്ല എന്നാണു എനിക്ക് തോന്നുന്നത്”, പത്രപ്രവര്‍ത്തകരോടായി സ്റ്റാനിക്സൈ പറഞ്ഞു.

ഐസിസി റാങ്കിങ്ങില്‍ ഒന്നാമത് നില്‍ക്കുന്ന ഇന്ത്യയുടെ കൂടെ കളിക്കുന്നത് നല്ല രീതിയില്‍ ആസ്വദിക്കാന്‍ സാധിക്കും എന്നാണു കരുതുന്നതെന്നും അദ്ദേഹം പങ്കുവച്ചു. “ഇന്ത്യയില്‍ സ്‌പിന്നര്‍മാര്‍ക്ക് കളിയ്ക്കാന്‍ വളരെ നല്ല സാഹചര്യമാണുള്ളത്. ഒരുപാട് നല്ല സ്‌പിന്നര്‍മാര്‍ ഞങ്ങളുടെ കൂടെയുണ്ട്. ബാറ്റ്സ്മാന്‍മാരെല്ലാവരുംതന്നെ മികച്ച ഫോമിലാണ്. കഴിഞ്ഞ മൂന്നു നാല് വര്‍ഷമായി നല്ല ടീമാണ് ഞങ്ങളുടേത് എന്നാണ് ഞങ്ങളുടെ വിശ്വാസം. നല്ല രീതിയില്‍ കളിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്” അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ടൂർണമെന്റില്‍ പതിമൂന്നു വിക്കറ്റുകള്‍ വീതമെടുത്ത റാഷിദ്‌ ഖാന്‍റെയും മുജീബ് സദ്രാന്‍റെയും ശക്തിയിലാണ് ടീം പ്രധാനമായും പ്രതീക്ഷ അര്‍പ്പിക്കുന്നത്. എന്നാല്‍ രാജ്യത്ത് നിന്ന് ഇനിയും ഒരുപാട് മികച്ച സ്‌പിന്നര്‍മാര്‍ വരാനുണ്ടെന്നാണ് സ്റ്റാനിക്സൈയുടെ വിശ്വാസം.

“റാഷിദും മുജീബും വളരെ നന്നായി കളിക്കുന്നുണ്ട്. പക്ഷേ അവരെക്കാള്‍ മികച്ച സ്‌പിന്നര്‍മാരുള്ള ടീമാണ് ഞങ്ങളുടേത്. ഖയിസ് അഹമ്മദിനേ പോലുള്ള സ്‌പിന്നര്‍മാരൊക്കെ റാഷിദിനേക്കാള്‍ നന്നായി കളിക്കുന്നവരാണ്.”

വിജയമോ തോല്‍വിയോ കാര്യമാക്കുന്നില്ലെന്ന് അറിയിച്ച വലം-കയ്യന്‍ ബാറ്റ്സ്മാന്‍ രാജ്യത്തിന് അഭിമാനകരമായ ചരിത്ര മുഹൂര്‍ത്തമാണിതെന്നും പറഞ്ഞു. അയർൻഡിന്‍റെ കൂടെ 2017 ലാണ് അഫ്ഗാനിസ്ഥാന് ടെസ്റ്റ്‌ കളിക്കാനുള്ള അനുമതി ലഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ