ഓസിസ് മണ്ണിൽ ആദ്യ പരമ്പര നേട്ടം ചരിത്രലക്ഷ്യം മുന്നിൽ വെച്ചാണ് കോഹ്‍ലിയും സംഘവും ഓസ്ട്രേലിയൻ പര്യടനത്തിന് പുറപ്പെട്ടത്. ഏഴ് പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് അന്ത്യം കുറിക്കാൻ ഇന്ത്യക്ക് ഇനി വേണ്ടത് ഒരു ജയം മാത്രമാണ്. മെൽബണിൽ ഓസ്ട്രേലിയയെ 137 റൺസിന് പരാജയപ്പെടുത്തിയതോടെ നാല് മത്സരരങ്ങളടങ്ങുന്ന ബോർഡർ-ഗവാസ്കർ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. സിഡ്‍നിയിലും ജയം ആവർത്തിച്ച് പരമ്പര നേടുക തന്നെയാണ് ലക്ഷ്യമെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി പറയുന്നു.

“ഈ വിജയം കൊണ്ട് അവസാനിക്കുന്നില്ല. ഇത് ഞങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു. സിഡ്‌നിയിലും കൂടുതൽ പോസിറ്റീവായി തന്നെ കളിക്കും. അവസാന മത്സരവും ഞങ്ങൾക്ക് ജയിക്കണം. അവസരങ്ങള്‍ ഞങ്ങളെ തേടി വരുമ്പോള്‍ അത് നഷ്ടപ്പെടുത്താനാവില്ല,” കോഹ്‍ലി പറഞ്ഞു.

രണ്ടാം ഇന്നിങ്സിൽ ഇന്ത്യ കുറിച്ച 399 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസ് 261 റൺസിന് പുറത്താവുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ ബുമ്രയും ജഡേജയും മൂന്ന് വീതം വിക്കറ്റും ഷമിയും ഇശാന്തും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഇതോടെ ഇന്ത്യ 150-ാമത് ടെസ്റ്റ് വിജയമാണ് കുറിച്ചിരിക്കുന്നത്. നീണ്ട 37 വർഷത്തിന് ശേഷം മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ വിജയം നേടിയ ടീം ഇന്ത്യയെ ക്രിക്കറ്റ് ലോകം ഒന്നാകെ വാഴ്ത്തുകയാണ്. വ്യാഴാഴ്ച സിഡ്നിയിലാണ് നാലാം ടെസ്റ്റ് നടക്കുക.

ഇന്ത്യൻ ടെസ്റ്റ് ടീം വിരാട് കോഹ്‍ലിക്ക് കീഴിൽ നേടുന്ന പതിനൊന്നാം വിജയമാണ് മെൽബണിലേത്. ഇതോടെ ടെസ്റ്റ് വിജയങ്ങളുടടെ എണ്ണത്തിൽ മുൻ നായകൻ സൗരവ് ഗാംഗുലിക്കൊപ്പം ഒന്നാം സ്ഥാനത്തേക്ക് കോഹ്‍ലിയും ഉയർന്നു. 24 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച കോഹ്‍ലി 11ലും കണ്ടെത്തി. സൗരവ് ഗാംഗുലി 28 മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. 6 വിജയങ്ങളുള്ള ധോണിയും 5 വിജയങ്ങളുള്ള രാഹുൽ ദ്രാവിഡുമാണ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook