ഡ്രംമോയ്ന്‍ ഓവല്‍: നിറഞ്ഞ ഗ്യാലറിയെ സാക്ഷി നിര്‍ത്തി നിലവിലെ ചാമ്പ്യന്മാരായ സിഡ്‌നി സിക്‌സേഴ്‌സിനെ തകര്‍ത്ത് ബ്രിസ്ബന്‍ ഹീറ്റിന് കന്നി വനിതാ ബിഗ് ബാഷ് ലീഗ് കിരീടം. മൂന്ന് വിക്കറ്റിനായിരുന്നു ബ്രിസ്ബന്‍ ഹീറ്റിന്റെ വിജയം. തുടര്‍ച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ സിക്‌സേഴ്‌സ് തന്നെയായിരുന്നു മത്സരത്തിലെ ഫേവറിറ്റുകള്‍. എന്നാല്‍ കളത്തിലെ വീര്യം കൊണ്ട് ബ്രിസ്ബന്‍ മറി കടക്കുകയായിരുന്നു.

ആദ്യ ബാറ്റ് ചെയ്ത് സിക്‌സേഴ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് മാത്രമാണ് നേടിയത്. ഓപ്പണര്‍ ബേത്ത് മൂണിയുടെ ഉജ്ജ്വല പ്രകടനമാണ് ബ്രിസ്ബണിന് കിരിടീം നേടി കൊടുത്തത്. 46 പന്തില്‍ നിന്നും 65 റണ്‍സുമായി മൂണി നിറഞ്ഞാടുകയായിരുന്നു. അവസാന ഓവറില്‍ അഞ്ച് റണ്‍സായിരുന്നു വേണ്ടിയിരുന്നത്. രണ്ടാം പന്തില്‍ ഫോര്‍ അടിച്ച് ലോറ ഹാരിസാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. നേരത്തെ ലോറയുടെ സഹോദരി ഗ്രേസ് ഹാരിസ് ബ്രിസ്ബണിനായി മൂന്ന് വിക്കറ്റ് നേടിയിരുന്നു.

മൂന്നാം വിക്കറ്റില്‍ മൂണിയും നായിക കിര്‍ബി ഷോര്‍ട്ടും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 84 റണ്‍സിന്റെ കൂട്ടുകെട്ടാണ് വിജയത്തില്‍ നിര്‍ണായകമായി മാറിയത്. കിര്‍ബി 29 റണ്‍സ് നേടി. എന്നാല്‍ 15ാം ഓവറില്‍ രണ്ടു പേരും പുറത്തായി. 30 റണ്‍സ് വീണ്ടും വേണ്ടിയിരുന്നു ജയത്തിലെത്താന്‍. പിന്നാലെ ലോറ കളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ടീമിനെ വിജയം തീരത്തെത്തിക്കുകയുമായിരുന്നു.

നേരത്തെ സിക്‌സേഴ്‌സിനായി ഓസീസ് താരം എല്ലിസ് പെരി 33 റണ്‍സ് നേടിയിരുന്നു. പെരിയാണ് ടൂർണമെന്റിലെ താരം. ദക്ഷിണാഫ്രിക്കന്‍ താരം ഡാനെ വാന്‍ നിക്കെര്‍ക്ക് 32 റണ്‍സ് നേടി ഒപ്പം നിന്നു. ഇതില്‍ രണ്ട് സിക്‌സും ഉള്‍പ്പെടും. പുരുഷന്മാരുടെ ലീഗ് അവസാനിച്ചിട്ടില്ല. മൂന്ന് ആഴ്ച്ചകൂടി ബാക്കിയുണ്ട് വിജയിയെ കണ്ടെത്താന്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook