ഇംഗ്ലണ്ടിനെയും മാഞ്ചസ്റ്റർ യൂണൈറ്റഡിനെയും ഒരു കാലത്ത് സമൃദ്ധമാക്കിയത് വെയ്ൻ റൂണി എന്ന 10-ാം നമ്പരുകാരനാണ്. മുന്നേറ്റ നിരയിലും വിങ്ങുകളിലും മധ്യ നിരയിലുമെല്ലാം കളിക്കാൻ ഒരു മടിയുമില്ലാത്ത താരമാണ് റൂണി. ഇംഗ്ലണ്ട് വിട്ട് അമേരിക്കയിൽ ഡിസി യുണൈറ്റഡിൽ എത്തിയപ്പോഴും റൂണി പഴയ ഉത്സാകം കൈവിട്ടില്ല.

മേജർ ലീഗ് സോക്കറിൽ യുണൈറ്റഡ് എഫ് സിയും ഒർലാണ്ടോ മത്സരവും സമനിലയിൽ നിൽക്കവെ ഇഞ്ചുറി ടൈമിലായിരുന്നു റൂണി ആരാധകരെ ഞെട്ടിച്ചത്. കോർണർ തട്ടിയകറ്റി ഇടതു വിങ്ങിലൂടെ ഡിസി ഗോൾമുഖത്തേക്ക് കുതിക്കുകയായിരുന്നു ഒർലാണ്ടോ താരം വിൽ ജോൺസൻ. ഒഴിഞ്ഞ പോസ്റ്റിലേക്ക് താരം ഗോൾ ഉറപ്പിച്ചു. എന്നാൽ പിന്നാലെ ഓടിയെത്തിയ റൂണി മനോഹരമായി സ്ലൈഡ് ടാക്കളിങ്ങിലൂടെ പന്ത് പിടിച്ചെടുക്കുകയായിരുന്നു.

പന്തുമായി റൂണി വീണ്ടും ഒർലാണ്ടോ മുഖത്തേക്ക്. ഗ്രൗണ്ടിന്റെ മധ്യ ഭാഗത്തുനിന്നും താരം ഉതിർത്ത അളന്നു മുറിച്ചുള്ള പാസ്സിൽ ബോക്സിലുണ്ടായിരുന്ന ലൂസിയാണോ അക്കോസ്റ്റക്ക് തല വെക്കേണ്ടിയേ വന്നുള്ളൂ, പന്ത് ഒർലാൻഡോയുടെ വലക്കുള്ളിൽ.

ഒർലാൻഡോയുടെ ഗോളെന്നുറപ്പിച്ച നീക്കം തടഞ്ഞ് തോൽ‌വിയിൽ നിന്നും റൂണി ടീമിനെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. ലൂസിയാണോ അക്കോസ്റ്റ തന്നെയാണ് യൂണൈറ്റഡിനായി മൂന്ന് ഗോളുകളും നേടിയത്. ഒരിക്കൽ കൂടി മൈതാനത്തിന്റെ ഏതറ്റത്തും തന്റെ കാലുകൾക്ക് വിസ്മയം തീർക്കാൻ കഴിയുമെന്ന് റൂണി തെളിയിച്ചു.

നീണ്ട 13 വർഷത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് ജീവിതത്തിൽ നിന്നും കഴിഞ്ഞ വർഷമാണ് റൂണി പടിയിറങ്ങിയത്. 2017 ൽ എവെർട്ടണിൽ എത്തിയ താരത്തിന് ക്ലബ്ബിൽ കാര്യമായ സ്ഥാനം ലഭിച്ചിരുന്നില്ല. ഇതേതുടർന്നാണ് താരം അമേരിക്കൻ ലീഗിലേക്ക് എത്തുന്നത്.

ഇംഗ്ലണ്ടിന്റെ ജൂനിയർ ടീമിന് വേണ്ടി കളിച്ചുതുടങ്ങിയ റൂണി ഇംഗ്ലണ്ടിനായി 119 മത്സരങ്ങളിൽ നിന്നും 53 ഗോളുകൾ നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരവും റൂണി തന്നെ. മാഞ്ചസ്റ്റർ യൂണൈറ്റഡിനായി 393 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ താരം 183 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ