ഇംഗ്ലണ്ട് ഇതിഹാസ താരം വെയ്ൻ റൂണി ക്ലബ് ഫുട്ബോളിൽ നിന്നും വിരമിച്ചു. ഇംഗ്ലണ്ട് ദേശീയ ടീമിനായും മാഞ്ചസ്റ്റർ യുണൈറ്റഡിനായും ഏറ്റവും കൂടുതൽ ഗോൾ കണ്ടെത്തിയ റൂണി ഇനി മുഴുവൻ സമയ പരിശീലകന്റെ റോളിലായിരിക്കും ഫുട്ബോളിൽ തുടരുക. രണ്ടാം ഡിവിഷൻ ക്ലബായ ഡർബി കൗണ്ടിയുടെ കളിക്കാരനായും പരിശീലകനായും കഴിഞ്ഞ നവംബർ മുതൽ പ്രവർത്തിക്കുന്ന താരം ഇനി ക്ലബ്ബിന്റെ പരിശീലകൻ മാത്രമായിരിക്കും. 2023 വരെയാണ് പരിശീലകനായുള്ള അദ്ദേഹത്തിന്റെ കരാർ.
രാജ്യാന്തര കരിയർ 2017ൽ അവസാനിപ്പിച്ച താരം 2018ൽ വിടവാങ്ങൽ മത്സരം കളിച്ചിരുന്നു. ഇംഗ്ലണ്ടിനായി കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ് റൂണി. മുപ്പത്തിമൂന്നുകാരനായ താരം 119 മത്സരങ്ങളില്‍ നിന്ന് 53 ഗോളുകള്‍ നേടിയിട്ടുണ്ട്. 2003 മുതൽ ഇംഗ്ലണ്ട് ദേശീയ ടീമിന്റെ ഭാഗമായ റൂണി അക്കാലത്ത് ഇംഗ്ലണ്ടിനെ കരുത്തരാക്കുന്നതിലും പ്രധാന പങ്കുവഹിച്ചു.
Also Read: ഇതാണ് അരങ്ങേറ്റം; ഓസ്ട്രേലിയയിൽ ചരിത്രമെഴുതി നടരാജൻ
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും എക്കാലത്തെയും മികച്ച ഗോൾ സ്കോററാണ് റൂണി. ചാംപ്യൻസ് ലീഗ് അടക്കം മഞ്ചസ്റ്ററിലെത്തിച്ച താരം ക്ലബ്ബിനായി 183 ഗോളുകൾ നേടി. എവർട്ടണിലൂടെയായിരുന്നു റൂണിയുടെ ക്ലബ് അരങ്ങേറ്റം. പ്രീമിയർ ലീഗിൽ നിന്ന് അമേരിക്കയിലേക്ക് പോകും മുമ്പും താരം എവർട്ടണിൽ കുറച്ചുകാലം കളിച്ചിരുന്നു.