ലണ്ടൻ: വെയ്ൻ മാർക്ക് റൂണി …മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളാണ് വെയ്ൻ റൂണി.​ എന്നാൽ താൻ എല്ലാം നൽകി സ്നേഹിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ഒരുങ്ങുകയാണ് ഈ താരം. യുണൈറ്റഡ് നിരയിൽ സ്ഥിരം കളിക്കാൻ അവസരം ലഭിക്കാത്തതാണ് 32 കാരനായ വെയ്ൻ റൂണിയെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നത്. ഇംഗ്ലണ്ടിലെ പ്രതാപികളായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എക്കാലത്തേയും മികച്ച ഗോൾസ്കോററാണ് വെയ്ൻ റൂണി.

2016 ൽ ജോസെ മൗറീഞ്ഞോ പരിശീലകനായി ചുമതലയേറ്റതോടെയാണ് റൂണി അതൃപ്തനായത്. മൗറീഞ്ഞോയ്ക്ക് കീഴിൽ 42 മത്സരങ്ങളാണ് റൂണി കളിച്ചത് പകുതിയിൽ അധികവും പകരക്കാരന്റെ വേഷത്തിലായിരുന്നു റൂണി മൈതാനത്ത് ഇറങ്ങിയത്. നിരാശനായ റൂണിക്ക് തന്റെ ഫിനിഷിങ്ങ് മികവും കൈമോശം വന്നു. പ്രിമിയർ ലീഗിൽ 25 മത്സരങ്ങൾ കളിച്ച റൂണിക്ക് 5 ഗോളുകൾ മാത്രമാണ് നേടാനായത്. ഇതിൽ 10 മത്സരത്തിലും പകരക്കാരനായാണ് റൂണി ഇറങ്ങിയത്.

2004 ലാണ് വെയ്ൻ റൂണി എവർട്ടൺ വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ​ എത്തുന്നത്. വിഖ്യാത പരിശീലകനായ സർ അലക്സ് ഫെർഗൂസനാണ് 48 മില്യൺ യൂറോ മുടക്കി റൂണിയെ മാഞ്ചസ്റ്റർ നഗരത്തിലേക്ക് എത്തിച്ചത്. ക്രിസ്റ്റ്യാനോ റോണാൾഡോയ്ക്കൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിന്രെ ആക്രമണങ്ങൾക്ക് നേത്രത്വം വഹിച്ചത് റൂണിയായിരുന്നു. ചാമ്പ്യൻസ് ലീഗ് കിരീടവും, ലോകക്ലബ് കിരീടവും , പ്രിമിയർ ലീഗ് കിരീടവുമുൾപ്പടെ റൂണി എല്ലാ കിരീടവും സ്വന്തമാക്കി.

ഫെർഗൂസന്റെ വിരമിക്കലിന് ശേഷം എത്തിയ ഡേവിഡ് മോയിസ് കീഴിൽ വെയ്ൻ റൂണിയാണ് യുണൈറ്റഡിനെ നയിച്ചത് പക്ഷെ ഒരു വർഷം പൂർത്തിയാക്കുമ്പോഴേക്കും മോയിസിനെ ക്ലബ് അധികൃതർ പുറത്താക്കി. പ്രമുഖ പരിശീലകനായ ലൂയി വാൻഗാലാണ് പിന്നീട് യുണൈറ്റഡിന്റെ പരിശീലകനായത് , റൂണി തന്നെയായിരുന്നു അപ്പോഴും യുണൈറ്റഡിന്റെ നായകൻ.

പക്ഷെ മൗറീഞ്ഞോ എത്തിയതോടെ എല്ലാം തകിടം മറിഞ്ഞു. ഒറ്റ സ്ട്രൈക്കറെ മുൻനിർത്തിയുള്ള മൗറീഞ്ഞോയുടെ തന്ത്രം റൂണിക്ക് വിനയായി. ഗോൾ കണ്ടെത്തുന്നതിൽ റൂണി പരാജയപ്പെട്ടു, പകരം സ്ലാട്ടൺ ഇബ്രാഹിമ്മോവിച്ച് യുണൈറ്റഡിന്റെ പ്രധാന സ്ട്രൈക്കറായി. ഗോളുകൾ നേടി മാർക്കസ് റാഷ്ഫോർഡും മൗറീഞ്ഞോയുടെ പ്രിതി പിടിച്ചു പറ്റി.


അടുത്ത സീസണിൽ റൂണി ക്ലബ് വിടുമെന്നാണ് സൂചന. തന്റെ പഴയ ക്ലബായ എവർട്ടണിലേക്ക് റൂണി തിരിച്ചു പോകുമെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ 32 കാരനായ റൂണിക്കായി വലവിരിച്ച് ചൈനീസ് ലീഗിലെ ക്ലബുകളും അമേരിക്കൻ സോക്കർ ലീഗിലെ ക്ലബുകളുമുണ്ട്. പണത്തിന് പ്രാമുഖ്യം നൽകിയാൽ റൂണി ചൈനയിലേക്കോ , അമേരിക്കയിലേക്കോ പോയേക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ