മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും ഇപ്പോൾ എവർട്ടണിന്റെ മുൻനിര താരവുമായ  ഇംഗ്ലീഷ് താരം വെയ്ൻ റൂണി അമേരിക്കൻ ക്ലബിലേക്ക്. അമേരിക്കയിലെ മേജർ ലീഗ് സോക്കറിലെ ഡിസി യുണൈറ്റഡ് ഫുട്ബോൾ ക്ലബിലേക്കാണ് റൂണി ചേക്കേറുന്നത്. അമേരിക്കൻ ട്രാൻസ്ഫർ വിന്റോ തുറക്കുന്ന ജൂലൈ 10 ന് ശേഷം കൂടുമാറ്റം നടക്കും.

മൂന്നര വർഷത്തേക്കുളള കരാറിൽ 32കാരനായ താരം ഒപ്പുവച്ചു. ജൂലൈ 14 ന് ലീഗിലെ ആദ്യ മൽസരത്തിൽ താരം ബൂട്ടണിയും. ഓഡി ഫീൽഡിൽ വാൻകോവർ വൈറ്റ്‌കാപ്‌സിന് എതിരെയാണ് ആദ്യ മൽസരം.

പത്ത് ദശലക്ഷം പൗണ്ടാണ് താരത്തിന്റെ ട്രാൻസ്ഫർ മൂല്യം. ഏതാണ്ട് 68.66 കോടി രൂപ വരുമിത്. ഡിസി യുണൈറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമെന്ന റെക്കോർഡ് ഇതോടെ റൂണിയുടെ പേരിലായി.

അമേരിക്കൻ ലീഗിലേക്ക് ചേക്കേറുന്നതിൽ മുൻ ഇംഗ്ലീഷ് നായകന്മാരെ പിന്തുടർന്നിരിക്കുകയാണ് ഈ താരവും. നേരത്തെ ഡേവിഡ് ബെക്കാമാണ് മേജർ ലീഗ് സോക്കറിലെ ലാ ഗാലക്‌സി ക്ലബിലേക്ക് ചേക്കേറിയത്. 2007 ലായിരുന്നു ഇത്. പിന്നീട് 2015 ൽ സ്റ്റീവൻ ജെറാർഡും സമാന തീരുമാനം കൈക്കൊണ്ടു.

16-ാം വയസിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ച റൂണി സമകാലിക കളിക്കാരിൽ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിരുന്നു. 35 ദശലക്ഷം ഡോളറിനാണ് ഇദ്ദേഹം 2004 ൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയത്. 13 സീസണുകളിൽ ഇവിടെ തുടർന്ന താരം അഞ്ച് വട്ടം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടവും ഒരു തവണ ചാംപ്യൻസ് ലീഗും ഒരു എഫ്എ കപ്പും മൂന്ന് ലീഗ് കപ്പും നേടിയിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചരിത്രത്തിൽ 253 ഗോളുമായി എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനുമായി ഇദ്ദേഹം.

ഇംഗ്ലണ്ടിന് വേണ്ടി 119 മൽസരങ്ങളിൽ കളിച്ച താരം 53 ഗോളുകളാണ് നേടിയത്. ദേശീയ ടീമിന് വേണ്ടി ഏറ്റവും ഗോൾ നേടിയ ബോബി ചാൾട്ടന്റെ റെക്കോർഡാണ് ഇദ്ദേഹം മറികടന്നത്. എന്നാൽ മാഞ്ചസ്റ്റർ വിട്ട് എവർട്ടണിലേക്ക് പോയ താരത്തിന് ക്ലബിനെ മികച്ച നേട്ടത്തിലെത്തിക്കാൻ സാധിച്ചില്ല. 40 കളികളിൽ നിന്ന് 11 ഗോളുകൾ നേടി ക്ലബിലെ ഒന്നാം നമ്പർ ഗോൾ സ്കോററാകാൻ കഴിഞ്ഞ സീസണിൽ താരത്തിന് സാധിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook