ചെന്നൈ: ബാറ്റിങ് വെടിക്കെട്ടിനാണ് ഇന്നലെ രാത്രി ചെപ്പോക്ക് സാക്ഷ്യം വഹിച്ചത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയ്ക്ക് വേണ്ടി ആന്ദ്രേ റസല്‍ സംഹാര താണ്ഡവമാടിയപ്പോള്‍ ചെന്നൈയ്ക്ക് വേണ്ടി ബാറ്റുമായി ഇറങ്ങിയവരില്‍ മിക്കവരും തല്ലിതകര്‍ക്കുകയായിരുന്നു. ആവേശകരമായ മൽസരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ 202 റണ്‍സെന്ന വലിയ വിജയലക്ഷ്യം ചെന്നൈ അനായാസം മറികടക്കുകയായിരുന്നു.

ചെന്നൈയ്ക്ക് വേണ്ടി ആദ്യം തകര്‍ത്താടിയത് ഷെയ്ന്‍ വാട്‌സണായിരുന്നു. തന്റെ പ്രതാഭകാലത്തെ അനുസ്മരിപ്പിക്കും വിധമായിരുന്നു വാട്‌സണിന്റെ ബാറ്റിങ്. എവിടെ എറിഞ്ഞാലും സിക്‌സ് എന്ന അവസ്ഥയായിരുന്നു. ഇതിനിടെ വാട്‌സണിന്റെ സിക്‌സ് ഗ്രൗണ്ടിനു പുറത്ത് കളി നിരീക്ഷിക്കാനിരിക്കുന്നവരില്‍ ഒരാളുടെ ലാപ്ടോപ് തകര്‍ക്കുകയും ചെയ്തു. ചെന്നൈ ഇന്നിങ്സിന്റെ അഞ്ചാം ഓവറിലായിരുന്നു ലാപ്ടോപ് തകര്‍ത്ത സിക്‌സ് പിറന്നത്. അപ്പോഴേക്കും ചെന്നൈയുടെ സ്‌കോര്‍ 72 ൽ എത്തിയിരുന്നു.
Also Read: ‘ഇങ്ങനെയുണ്ടോ ആരാധന?’; ധോണിയുടെ കളി കാണാന്‍ പത്താം ക്ലാസുകാരന്റെ ‘തന്ത്രം’

ഓള്‍ റൗണ്ടര്‍മാരായ ബ്രാവോയും രവീന്ദ്ര ജഡേജയുമാണ് ചെന്നൈയുടെ വിജയശില്‍പ്പിമാര്‍. 19 പന്തില്‍ നിന്നും 42 റണ്‍സുമായി ഷെയ്ന്‍ വാട്സണും 39 റണ്‍സുമായി അമ്പാട്ടി റായിഡുവും നല്‍കിയ തുടക്കവും മധ്യനിരയില്‍ കത്തിക്കയറിയ സാം ബില്ലിങ്സ് ചെന്നൈയെ വിജയതീരത്തേക്ക് അടുപ്പിച്ചു.

നേരത്തെ വിന്‍ഡീസ് താരം ആന്ദ്രെ റസലിന്റെ അര്‍ധസെഞ്ചുറിയുടെ മികവിലാണ് കൊല്‍ക്കത്ത കൂറ്റന്‍ സ്‌കോറിലേക്കെത്തിയത്. റസലിന്റെ അര്‍ധസെഞ്ചുറിയുടെ മികവിലാണ് ആറു വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തത്. ചെപ്പോക്ക് മൈതാനത്തിലൂടെ ചെന്നൈ ബോളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച റസല്‍ 36 പന്തുകള്‍ മാത്രം നേരിട്ട് ഒരു ബൗണ്ടറിയും 11 പടുകൂറ്റന്‍ സിക്സുകളും ഉള്‍പ്പെടെ 88 റണ്‍സെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ