ഇന്ത്യയുടെ മുന്‍ ഒപ്പണിങ് ബാറ്റര്‍ വിരേന്ദര്‍ സെവാഗിന്റെ മകന് ക്രിക്കറ്റിലേക്ക് എത്തുകയാണ്. സച്ചിന് തെന്‍ഡുല്‍ക്കറുടെ പാത പിന്തുടര്ന്ന് മകന് അര്ജുന് തെന്‍ഡുല്‍ക്കര്‍ വന്നതിനു പിറകെയാണ് വീരേന്ദര്‍ സെവാഗിന്റെ മകനും ക്രിക്കറ്റിന്റെ പിച്ചിലേക്ക് എത്തുന്നത്. വീരുവിന്റെ മൂത്ത മകന് ആര്യവീര്‍ സെവാഗ് ഡല്‍ഹിയുടെ അണ്ടര്‍ 16 ടീമില്‍ ഇടം പിടിച്ചിരിക്കുന്നതായാണ് റിപോര്‍ട്ടുകള്‍.
വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ ബിഹാറുമായുള്ള മത്സരത്തിനുള്ള ഡല്‍ഹിയുടെ അണ്ടര്‍ 16 ടീമിനെ പ്രഖ്യാപിച്ചപ്പോഴാണ് ജൂനിയര്‍ വീരുവും ടീമില്‍ ഇടം പിടിച്ചത്. പ്ലെയിങ് ഇലവനില്‍ ഇടം കണ്ടെത്താനായില്ലെങ്കിലും ടീമില്‍ 15ാമനായാണ് ആര്യവീര്‍ സ്ഥാനം ഉറപ്പിച്ചത്. നെറ്റ്സില്‍ പരിശീലനം നടത്തുന്ന താരത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ആര്യവീറിന്റെ ഇന്‍സ്റ്റാഗ്രാമില്‍ കഴിഞ്ഞ മാസം പോസ്റ്റ് ചെയ്ത വീഡിയോയില്‍ താരം പന്ത് കൃത്യമായി ക്ലിയര്‍ ചെയ്ത് അടിക്കുന്നത് കാണാം.
തന്റെ മകനായത് കൊണ്ട് ഒരു ക്രിക്കറ്റ് താരമാകണമെന്നുള്ള സമ്മര്‍ദം ഇല്ലെന്ന് 2019ല്‍ സെവാഗ് പറഞ്ഞിരുന്നു. ”അവരില്‍ മറ്റൊരു വീരേന്ദര്‍ സെവാഗിനെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ക്ക് വിരാട് കോലിയോ ഹാര്‍ദിക് പാണ്ഡ്യയോ എംഎസ് ധോണിയോ ആകാം. എന്നാല്‍ അവര്‍ ക്രിക്കറ്റര്മാരാകണമെന്നില്ല. അവര്‍ക്ക് അവരുടെ കരിയര്‍ തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്, കഴിയുന്നിടത്തോളം അത് നേടാന്‍ ഞങ്ങള്‍ അവരെ സഹായിക്കും. പക്ഷേ, നല്ല മനുഷ്യരാവുക എന്നതാണ് കാര്യം, അത് വിലമതിക്കാനാവാത്തതാണ്. ‘