71-ാം അന്താരാഷ്ട്ര സെഞ്ചുറിക്കായുള്ള വിരാട് കോഹ്‌ലിയുടെ കാത്തിരിപ്പ് ക്രിക്കറ്റ് ലോകത്തെ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.
മുൻ ഇന്ത്യൻ ക്യാപ്റ്റനായ കോഹ്ലി തന്റെ കരിയറിലെ മോശപ്പെട്ട ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്, നല്ല തുടക്കം ലഭിച്ചിട്ടും ഒരു സെഞ്ചുറി നേടാൻ താരത്തിന് കഴിയാതെ പോകുന്നു. ഏകദേശം രണ്ടു വർഷമായി ആ ബാറ്റിൽ നിന്നും ഒരു സെഞ്ചുറി പിറന്നിട്ട്.
ഇപ്പോഴിതാ, ബോളിവുഡ് താരം അനുഷ്‌ക ശർമ്മയുമായുള്ള വിവാഹമാണ് കോഹ്‌ലിയുടെ കരിയറിനെ ബാധിച്ചതെന്ന പരമർശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷുഐബ് അക്തർ.
“കോഹ്‌ലിക്ക് മേൽ സമ്മർദ്ദമുണ്ട്. അയാൾ 120 സെഞ്ചുറികൾ നേടിയ ശേഷം വിവാഹം കഴിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. ഞാനായിരുന്നു ആ സ്ഥാനത്തെങ്കിൽ വിവാഹം കഴിക്കില്ലായിരുന്നു, എന്തായാലും അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്.” എഎൻഐയോട് സംസാരിക്കവേ അക്തർ പറഞ്ഞു.
വിരാട് കോഹ്‌ലി ഇന്ത്യൻ നായകസ്ഥാനം ഒഴിയാൻ നിർബന്ധിതനായെന്നും അക്തർ പറഞ്ഞു.
കഴിഞ്ഞ വർഷം, കോഹ്‌ലി ടി20യിലെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരുന്നു, തുടർന്ന് സെലക്ടർമാർ വൈറ്റ്-ബോൾ ഫോർമാറ്റിലേക്ക് ഒരു നായകനെ വേണമെന്ന് ആവശ്യപ്പെട്ടതിനാൽ ഏകദിന നായക സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കം ചെയ്തു. ഏഴ് വർഷത്തോളം ടീമിനെ നയിച്ചതിന് ശേഷം കഴിഞ്ഞ ആഴ്ചയാണ് കോഹ്‌ലി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനവും ഒഴിഞ്ഞത്.
Also Read: വിരാട് കോഹ്ലിക്ക് രണ്ട് വർഷം കൂടി കാപ്റ്റനായി തുടരാമായിരുന്നു: രവി ശാസ്ത്രി
“വിരാട് ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിച്ചില്ല, പക്ഷേ അത് ചെയ്യാൻ നിർബന്ധിതനായി. ഇത് അദ്ദേഹത്തിന് അത്ര മികച്ച സമയമല്ല, പക്ഷേ എന്താണെന്ന് അയാൾക്ക് തെളിയിക്കേണ്ടതുണ്ട്. അദ്ദേഹം ഒരു മികച്ച വ്യക്തിയും കളിക്കാരനുമാണ്. ഒരുപാട് കാര്യങ്ങൾ ശ്രമിക്കരുത്, അവിടെ പോവുക, കളിക്കുക. അദ്ദേഹം ഒരു മികച്ച ബാറ്റ്സ്മാനാണ്, ലോകത്തിലെ മറ്റാരെക്കാളും നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. അയാൾക്ക് മൈതാനത്ത് ഇറങ്ങി അവന്റെ സ്വാഭാവിക ഒഴുക്കിനൊപ്പം കളിക്കേണ്ടതേയുള്ളു.”
“അദ്ദേഹം തന്റെ താഴത്തെ കൈകൊണ്ട് ധാരാളം കളിക്കുന്നു, ഫോം ഇല്ലാതാകുമ്പോൾ, ഇങ്ങനെയുള്ള കളിക്കാർ സാധാരണയായി ആദ്യം കുഴപ്പത്തിലാകുമെന്ന് ഞാൻ കരുതുന്നു. അദ്ദേഹം ഇതിൽ നിന്ന് പുറത്തുവരുമെന്ന് ഞാൻ കരുതുന്നു. ആരോടും വിദ്വേഷം വച്ചുപുലർത്താതെ ഇതിൽ നിന്ന് മുന്നേറണം. എല്ലാവരോടും ക്ഷമിച്ച് മുന്നോട്ട് പോവുക,” അദ്ദേഹം കൂട്ടിച്ചേർത്തു.