ഏഷ്യകപ്പിലെ ആദ്യ രണ്ട് മത്സരം കഴിയുമ്പോള്‍ ഇന്ത്യയുടെ മുന്‍ നായാകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോഹ്ലി തന്റെ ഫോം വീണ്ടെടുത്തിരിക്കുയാണ്. പാക്കിസ്ഥാനെതിരെയുള്ള ആദ്യ മത്സരത്തിലും ഹോങ്കോങിനെതിരെയുള്ള മത്സരത്തിലും മികച്ച ഇന്നിംഗ്സുകളാണ് കോഹ് ലിയുടെ ബാറ്റില്‍ നിന്ന് പിറന്നത്.
ഞായറാഴ്ച പാകിസ്ഥാനെതിരായ മറ്റൊരു പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് കോഹ്ലി. ഹൈ ആള്‍ടിറ്റിയൂഡ് മാസ്ക് ധരിച്ചാണ് താരം പരിശീലനം നടത്തുന്നത്. ദുബായിലെ വെല്ലുവിളികള്‍ നിറഞ്ഞ കാലാവസ്ഥയില്‍, ശ്വാസം ക്രമീകരിക്കുന്നതില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത മാസ്കാണിത്. ശ്വാസകോശത്തിന്റെ കരുത്ത് കൂട്ടാന്‍ ഉള്‍പ്പെടെ ഈ പരിശീലനത്തിലൂടെ അത്ലറ്റുകള് ലക്ഷ്യം വെക്കുന്നു. മറ്റ് ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം കഴിഞ്ഞ് കയറിയതിന് ശേഷവും തനിച്ച് പരിശീലനം നടത്തുകയായിരുന്നു കോഹ്ലി.
ഏഷ്യാ കപ്പില്‍ അര്‍ധ ശതക ഇന്നിംഗ്സുകളിലൂടെ ഫോമിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചനകളാണ് കോഹ്ലി നല്‍കുന്നത്. സൂപ്പര്‍ ഫോറിലെ പാകിസ്ഥാനെതിരായ മത്സരത്തിന് മുന്‍പായി വിരാട് കോഹ്ലി നടത്തിയ പരിശീലനങ്ങള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. ടൂര്‍ണമെന്റിലെ ഹോങ്കോങ്ങിനെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ 44 പന്തില്‍ നിന്ന് 59 റണ്‍സ് ആണ് കോഹ്ലി നേടിയത്. ഒരു ഫോറും മൂന്ന് സിക്സും കോഹ്ലിയുടെ ബാറ്റില്‍ നിന്ന് വന്നു. പാകിസ്ഥാനെതിരെയുള്ള ആദ്യ മത്സരത്തില്‍ 34 പന്തില്‍ നിന്ന് കോഹ്ലി 35 റണ്‍സ് നേടിയിരുന്നു.
2022ലെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുക്കുന്നതിലേക്ക് നയിച്ച മത്സരങ്ങളില്‍ താന്‍ മാനസികമായി പിരിമുറുക്കത്തിലായിരുന്നുവെന്ന് കോഹ്ലി വെളിപ്പെടുത്തിയിരുന്നു. ഇടവേളയ്ക്കിടെ തന്റെ ക്രിക്കറ്റ് ബാറ്റില്‍ ഒരു മാസത്തോളം തൊട്ടില്ലെന്നും പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത് സംഭവിച്ചതെന്നും കോഹ്ലി പറഞ്ഞിരുന്നുന്നു.