ഒരോവറില്‍ 43 റണ്‍സെടുത്ത് ലോക റെക്കോര്‍ഡ് സ്വന്തമാക്കി രണ്ട് ന്യൂസിലൻഡ് ബാറ്റ്സ്മാന്‍മാര്‍. ആറ് സിക്സറുകള്‍ അടക്കമാണ് ഇരുവരും റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. ന്യൂസിലന്‍ഡിലെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ ഫോര്‍ഡ് ട്രോഫിയിലാണ് റെക്കോര്‍ഡ് പിറന്നത്. ലിസ്റ്റ് എയില്‍ മാത്രമല്ല, ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഒരോവറില്‍ നേടുന്ന ഏറ്റവും കൂടുതല്‍ റണ്‍സാണിത്. ജോ കാര്‍ട്ടര്‍, ബ്രെറ്റ് ഹാംറ്റണ്‍ എന്നിവരാണ് ബോളറെ തലങ്ങും വിലങ്ങും അടിച്ചത്.

നോര്‍ത്തേണ്‍ ജിസ്ട്രിക്സിന്റെ താരങ്ങളായ ഇരുവരും സെന്‍ട്രല്‍ ഡിസ്ട്രിക്ടിനെതിരെ ബാറ്റ് ചെയ്യുകയായിരുന്നു. രണ്ട് നോബോള്‍ ലഭിച്ചതും ബാറ്റ്സ്മാന്‍മാര്‍ക്ക് ഗുണകരമായി. ദക്ഷിണാഫ്രിക്കയുടെ ഫാസ്റ്റ് ബോളറായ വില്ലം ലുഡിക്കിനെയാണ് ഇരുവരും നേരിട്ടത്. ആദ്യ 9 ഓവറില്‍ ആകെ 42 റണ്‍സാണ് ലുഡിക്ക് നല്‍കിയിരുന്നത്. എന്നാല്‍ അവസാന ഓവറിലെ 43 റണ്‍സ് കൂടി ലഭിച്ചതോടെ 10 ഓവറില്‍ അദ്ദേഹം 85 റണ്‍സാണ് വിട്ടു നല്‍കിയത്.

കാര്‍ട്ടര്‍ 66 പന്തില്‍ 102 റണ്‍സ് നേടി. അതേസമയം ഹാംറ്റണ്‍ 66 പന്തില്‍ 95 റണ്‍സെടുത്തു. നോര്‍ത്തണ്‍ ഡിസ്ട്രിക്ട് 313 റണ്‍സാണ് ഇരുവരുടേയും പ്രകടനമികവില്‍ നേടിയത്. സെന്‍ട്രല്‍ ഡിസ്ട്രിക്ട് 25 റണ്‍സിനാണ് പിന്നീട് പരാജയപ്പെട്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ