സിഡ്‌നി: മിന്നും ഫോം തുടരുകയാണ് സ്റ്റീവ് സ്മിത്ത്. വിലക്കില്‍ നിന്നും മടങ്ങിയെത്തിയ താരത്തിന് ഇതുവരെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഓരോ മത്സരത്തിലും അത്ഭുതപ്രകടനം നടത്തി ഞെട്ടിക്കുകയാണ് താരം. പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയാണ് ഓസ്‌ട്രേലിയയ്ക്ക് മുന്നില്‍ ഇനിയുള്ളത്. ഇതിനുള്ള ഒരുക്കത്തിലാണ് ടീം.

ആഭ്യന്തര ക്രിക്കറ്റിലും തന്റെ ഫോം തുടരുകയാണ് സ്മിത്ത്. ന്യൂ സൗത്ത് വെയ്ല്‍സിനു വേണ്ടി ടാസ്മാനിയ്‌ക്കെതിരെ സെഞ്ചുറി നേടിയാണ് സ്മിത്ത് തിളങ്ങിയത്. സ്മിത്തിന്റെ 42-ാം ഫസ്റ്റ് ക്ലാസ് സെഞ്ചുറിയാണിത്. എന്നാല്‍ സ്മിത്തിന്റെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ചുറിയും ഇതാണ്. 290 പന്തുകളില്‍ നിന്നുമാണ് സ്മിത്ത് സെഞ്ചുറി തികച്ചത്. നേരത്തെ 2017-ല്‍ ഇംഗ്ലണ്ടിനെതിരെ 261 പന്തില്‍ നേടിയതായിരുന്നു നേരത്തെ ഈ പദവി വഹിച്ചിരുന്നത്.

295 പന്തുകളില്‍ നിന്നും 103 റണ്‍സെടുത്താണ് സ്മിത്ത് പുറത്തായത്. താരത്തിന്റെ പുറത്താകല്‍ നാടകീയമായിരുന്നു. മാര്‍ക്കസ് സ്റ്റോയ്‌നിസിന്റെ ബൗണ്‍സര്‍ അപ്പര്‍കട്ട് ചെയ്യാനുള്ള ശ്രമത്തിനിടെ കീപ്പര്‍ ജോഷ് ഇന്‍ഗ്ലിസിന് ക്യാച്ച് നല്‍കിയാണ് സ്മിത്ത് പുറത്താകുന്നത്. അപ്രതീക്ഷിതമായിരുന്നു സ്മിത്തിന്റെ പുറത്താകല്‍. നിന്നുകൊണ്ടായിരുന്നു കീപ്പര്‍ പന്ത് പിടിച്ചത്.

പുറത്തായ സ്മിത്തിന്റെ മുഖത്ത് അമ്പരപ്പ് വ്യക്തമായിരുന്നു. പന്ത് ബാറ്റില്‍ കൊണ്ടിട്ടില്ലെന്നാണ് പന്തിന്റെ പ്രതികരണത്തില്‍ നിന്നും വ്യക്തമാകുന്നത്. താരത്തിന്റെ മനോഹര സെഞ്ചുറിയും അസാധാരണ പുറത്താകലും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook