ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിനുള്ള പരിശീലനം തുടങ്ങി ഇന്ത്യൻ ടീം. കഴിഞ്ഞ വർഷം കോവിഡ് മൂലം ഒഴിവാക്കിയ അവസാന ടെസ്റ്റ് മത്സരം ജൂലൈ ഒന്ന് മുതൽ അഞ്ച് എഡ്ജ്ബാസ്റ്റണിലാണ് കളിക്കുക.
പരിശീലനത്തിന്റെ ഭാഗമായി ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മാൻ ഗിലും നെറ്റ്സിൽ പരിശീലനം നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്നു, ബിസിസിഐ ആണ് വീഡിയോ പങ്കുവച്ചത്. ഔദ്യോഗിക അക്കൗണ്ടിലൂടെ പങ്കുവച്ച വിഡിയോയിൽ രോഹിതും ഗിലും വ്യത്യസ്ത ഷോട്ടുകൾ കളിക്കുന്നത് കാണാം.
പരിശീലനത്തിനിടെ ഇന്ത്യ ലെസ്റ്റർഷയറിനെതിരെ നാല് ദിവസത്തെ പരിശീലന മത്സരവും കളിക്കും. ജൂൺ 24 മുതലാണ് അത്.
ടെസ്റ്റിന് ശേഷം ഇന്ത്യ മൂന്ന് ടി20കളും മൂന്ന് ഏകദിനങ്ങളും ഇംഗ്ലണ്ടിൽ കളിക്കും. ഇന്ത്യയുടെ ഏറ്റവും മികച്ച ടീമായിരിക്കും ഇംഗ്ലണ്ടിൽ കളിക്കുക എന്നാണ് ലഭിക്കുന്ന സൂചന.
ടെസ്റ്റിന് മുൻപ് ഹർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ മറ്റൊരു ടീം ഡബ്ലിനിൽ അയർലണ്ടിനെതിരെ രണ്ട് ടി20 മത്സരങ്ങൾ കളിക്കുന്നുണ്ട്. ജൂൺ 26, 28 തീയതികളിലാണ് മത്സരം.