അഡ്‌ലെയ്ഡ്: ചരിത്ര വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ ഓസീസ് മണ്ണില്‍. ആദ്യ ഇന്നിങ്സിലെ പൂജാരയുടെ ചെറുത്തു നില്‍പ്പു മുതല്‍ ഓസ്ട്രേിലയയുടെ രണ്ടാം ഇന്നിങ്സില്‍ നഥാന്‍ ലിയോണിന്‍റെ പോരാട്ടം വരെ അത്യധികം വാശിയേറിയതായിരുന്നു പരമ്പരയിലെ ആദ്യ ടെസ്റ്റ്. ആ വാശി കാണിച്ചു തരുന്നതായിരുന്നു വിക്കറ്റിന് പിന്നിലെ ഋഷഭ് പന്തിന്‍റെ പ്രകടനവും.

ക്യാച്ചുകളുടെ കാര്യത്തില്‍ ചരിത്രം കുറിച്ച പന്ത് സ്ലെഡ്ജിങ്ങില്‍ സാക്ഷാല്‍ ഓസ്ട്രേലിയക്കാരെ തന്നെ വെല്ലുവിളിക്കുന്ന കാഴ്ച അഡ്‌ലെയ്ഡ് ടെസ്റ്റിലെ ഏറ്റവും ആവേശകരമായ കാഴ്ചകളിലൊന്നായിരുന്നു. ഓസീസ് താരം പാറ്റ് കമ്മിന്‍സിനെതിരെയായിരുന്നു പന്തിന്‍റെ സ്ലെഡ്ജിങ്. കമ്മിന്‍സിനെതിരെ അശ്വിന്‍ എറിഞ്ഞ ഓവറുകളിലൊന്നായിരുന്നു പന്ത് വിക്കറ്റിന് പിന്നില്‍ നിന്നും കമ്മിന്‍സിനെ തുടർച്ചയായി സ്ലെഡ്ജ് ചെയ്തത്.

“എന്താ ഷോട്ടുകള്‍ കളിക്കുന്നില്ലേ പാറ്റി, ഇവിടെ കളിക്കാന്‍ ബുദ്ധിമുട്ടാണ്, കുറച്ച് സിക്സ് അടിക്കൂ പാറ്റി” തുടങ്ങിയ പ്രയോഗങ്ങള്‍ പന്ത് നടത്തുന്നത് വീഡിയോകളില്‍ നിന്നും വ്യക്തമായി കാണാന്‍ സാധിക്കുന്നുണ്ട്. പന്തിന്‍റെ വാക്ക് ശരം കൊണ്ട് കമ്മിന്‍സ് വലയുന്നതും വ്യക്തമായി തന്നെ കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു. ഓസീസ് താരത്തെ കൃത്യമായി സമ്മർദ്ദത്തിലാക്കാനായി പന്തിന് സാധിച്ചിട്ടുണ്ടെന്ന് ആ ഓവറിലെ സ്കോർ കണ്ടാലറിയാം. അശ്വിനെറിഞ്ഞ ഓവർ മെയ്ഡനായിരുന്നു.

എന്നാല്‍ സമ്മർദ്ദത്തിന് കമ്മിന്‍സിനെ അധിക നേരം തളർത്താനായില്ല. ശക്തമായ പ്രതിരോധമാണ് കമ്മിന്‍സ് പിന്നീട് കാഴ്ച വച്ചത്. 121 പന്തുകള്‍ നേരിട്ട കമ്മിന്‍സ് 28 റണ്‍സ് നേടുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook