ഖത്തര്‍ ലോകകപ്പാരംഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ലോകകപ്പിലെ കിരീട ഫേവറേറ്റകളില്‍ ശക്തരായ ടീമാണ് ബ്രസില്‍. ടീമില്‍ ആരാധക പിന്തുണയേറെയുള്ള താരമാണ് നെയ്മര്‍. ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ താരത്തിന്റെ ചിത്രം പങ്കുവെച്ചും ജഴ്‌സി വാങ്ങിയും ആരാധകര്‍ പിന്തുണയും അര്‍പ്പിക്കുന്നുണ്ട്. ഇപ്പോള്‍ താരത്തിന്റെ ഒരു വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ഹെലികോപ്റ്ററില്‍ നിന്ന് വീഴുന്ന ഫുട്‌ബോള്‍ അനായാസം കാലില്‍ വരുതിയിലാക്കുന്ന നെയ്മറിന്റെ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വീഡിയോ പങ്കുവെച്ച് താരത്തിന്റെ സ്‌കില്ലിനെ പുകഴ്ത്തുകയാണ് ആരാധകര്‍. ഫിഫ ലോകകപ്പിന്റെ 2022 പതിപ്പില്‍ സെര്‍ബിയ, സ്വിറ്റ്സര്‍ലന്‍ഡ്, കാമറൂണ്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ജിയിലാണ് ബ്രസീല്‍. നവംബര്‍ 25 ന് ബ്രസില്‍ തങ്ങളുടെ ആദ്യ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സെര്‍ബിയയെയാണ് നേരിടുന്നത്.
അഞ്ച് തവണ ലോകകപ്പ് നേടിയ ബ്രസീല്‍ ഖത്തറില്‍ ആറാം ലോകകിരീടമാണ് ലക്ഷ്യമിടുന്നത്. 2002ല്‍ ജര്‍മ്മനിയെ ഫൈനലില്‍ തോല്‍പ്പിച്ചാണ് ബ്രസില്‍ ഏറ്റവും ഒടുവില്‍ ലോകകപ്പ് വിജയം നേടിയത്. 2018ല്‍ ബെല്‍ജിയത്തിനെതിരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ടീം പുറത്തായിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ വിജയം കൊണ്ടുവരാന്‍ ബ്രസീലിന് ഒരു പിടി താരങ്ങളുണ്ട്. കുറച്ച് ദിവസം മുമ്പാണ് ബ്രസീല്‍ ലോകകപ്പിനുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ചത്.