ഏകദിന ക്രിക്കറ്റില്‍ മഹേന്ദ്രസിംഗ് ധോണിയുടെ സാധ്യത ചോദ്യം ചെയ്ത് മുന്‍ ക്രിക്കറ്റ് താരങ്ങള്‍ നേരത്തേ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇവര്‍ക്ക് വായടച്ചുളള മറുപടിയായിരുന്നു ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തിലെ ധോണിയുടെ പ്രകടനം. ഇന്ത്യന്‍ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നപ്പോള്‍ ഇന്ത്യ നാണക്കേടില്‍ നിന്ന് കരകയറ്റിയത് ധോണിയുടെ 65 റണ്‍സിന്റെ ഒറ്റയാള്‍ പ്രകടനം ആയിരുന്നു.

മൊഹാലിയില്‍ നടക്കുന്ന രണ്ടാം ഏകദിനത്തിന് മുന്നോടിയായുളള പരിശീലനത്തില്‍ 25കാരനായ ഹാര്‍ദിക് പാണ്ഡ്യയെ ഓടിത്തോല്‍പ്പിക്കുന്ന വീഡിയോ ധോണിയുടെ ഫിറ്റ്നസ് ചോദ്യം ചെയ്തവര്‍ക്കുളള മറുപടിയാണ്. 100 മീറ്ററോളം ഓടിയിട്ടും ധോണിയെ മറികടക്കാന്‍ പാണ്ഡ്യയ്ക്ക് കഴിഞ്ഞില്ല. ബിസിസിഐയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങള്‍ കളിച്ച നാലാമത്തെ താരമെന്ന റെക്കോര്‍ഡ് ഇന്നത്തെ മത്സരത്തോടെ ധോണിക്ക് സ്വന്മാവുകയാണ്. ക്രിക്കറ്റ് ജീവിതത്തിലെ 311-ാം ഏകദിനത്തിനാണ് ധോണി ഇറങ്ങിയത്. സച്ചിൻ തെൻഡുൽക്കറാണ്​ ഇന്ത്യക്കായി ഏറ്റവും കൂടുതൽ ഏകദിനം കളിച്ച താരം. 463 ഏകദിനം കളിച്ച സച്ചി​ന്‍റെ പേരിൽ തന്നെയാണ്​ ലോക റൊക്കോർഡും. ഇന്ത്യയിൽ സച്ചിന്​ പിറകിലായി രാഹുൽ ദ്രാവിഡും മുൻ ക്യാപ്​റ്റൻ മുഹമ്മദ്​ അസ്​റുദ്ദീനുമാണുള്ളത്​. 344 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള രാഹുല്‍ ദ്രാവിഡ് രണ്ടാം സ്ഥാനത്തും 334 മത്സരങ്ങളില്‍ ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ അസറുദ്ദീനും മൂന്നാം സ്ഥാനത്തുമുണ്ട്.

ഇരുവരും ധോണിയുടെ കുതിപ്പിനുമുന്നില്‍ വഴിമാറുമെന്നാണ് വ്യക്തമാകുന്നത്. അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പുവരെ ധോണി കളിക്കളത്തിലുണ്ടായേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ സച്ചിനു പിന്നിലായി രണ്ടാം സ്ഥാനം ധോണി അരക്കിട്ടുറപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 36കാരനായ ധോണിക്ക്​ 106 റൺസ്​ കൂടി നേടാനായാൽ ഏകദനിത്തിൽ പതിനായിരം റൺസ്​ തികയ്ക്കാനുമാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook