ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ബംഗ്ലാദേശിന് ജയം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത് ക്യാപ്റ്റന്‍ മഷ്‌റഫി മൊര്‍ത്താസയുടെ പ്രകടനമായിരുന്നു. 21-ാം ഓവറില്‍ റൂബല്‍ ഹൊസൈന്റെ പന്തിലാണ് മൊര്‍ത്താസയുടെ പറക്കും ക്യാച്ച് പിറന്നത്. 35കാരനായ മൊര്‍ത്താസ ഏത് യുവതാരത്തെയും അസൂയപ്പെടുത്തുംവിധമാണ് ക്യാച്ച് കൈയ്യിലൊതുക്കിയത്.

മിഡ്വിക്കറ്റിന് മുകളിലൂടെ ബൗണ്ടറി നേടാനുള്ള മാലിക്കിന്റെ ശ്രമമായിരുന്നു മൊര്‍ത്താസയുടെ മികവിന് മുന്നില്‍ തോറ്റുപോയത്. ഇമാമുള്‍ ഹഖും മാലിക്കും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി പാക്കിസ്ഥാനെ വിജയത്തിലേക്ക് അടുപ്പിക്കുമെന്ന ഘട്ടത്തിലായിരുന്നു ആ ക്യാച്ച്.
അതോടെ പാക്കിസ്ഥാന്റെ വിജയപ്രതീക്ഷ മങ്ങി.

ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഫൈനലിലെത്തി ഇന്ത്യയോടേറ്റ തോല്‍വിക്ക് പകരം ചോദിക്കാമെന്ന പാക് മോഹമാണ് ബംഗ്ലാ കടുവകള്‍ തകര്‍ത്തെറിഞ്ഞത്. സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ 37 റണ്‍സിന് പാക്കിസ്ഥാനെ തകര്‍ത്താണ് ബംഗ്ലാദേശ് ഫൈനലിലെത്തിയത്. നാളെ വൈകിട്ട് അഞ്ചു മണിക്കാണ് ഇന്ത്യ-ബംഗ്ലാദേശ് ഫൈനല്‍ മത്സരം.

സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ പാക്കിസ്ഥാന്‍ തോല്‍പ്പിക്കുമെന്നും ഫൈനലിലെത്തി ഇന്ത്യയോട് പകരം ചോദിക്കുമെന്നും പാക്കിസ്ഥാന്‍ കോച്ച് മിക്കി ആര്‍തര്‍ ആണ് ഇന്നലെ പറഞ്ഞത്. എന്നാല്‍ ബംഗ്ലാദേശിനു മുന്നില്‍ പാക്കിസ്ഥാന്‍ മുട്ടുമടക്കി. 240 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന് നിശ്ചിത ഓവറില്‍ 202 റണ്‍സെടുക്കാനേ സാധിച്ചുളളൂ.

പാക്കിസ്ഥാന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. നാലോവര്‍ പൂര്‍ത്തിയാക്കുന്നതിനു മുന്‍പേ പാക്കിസ്ഥാന് മൂന്നു വിക്കറ്റാണ് നഷ്ടമായത്. ഫഖര്‍ സമാനും ബാബര്‍ അസമും ഒരു റണ്‍സെടുത്തും സര്‍ഫ്രാസ് 10 റണ്‍സെടുത്തും പുറത്തായി. ഷൊയ്ബ് മാലിക് (30) ആസിഫ് അലി (31) കൂട്ടുകെട്ട് പാക്കിസ്ഥാനെ മുന്നോട്ടു നയിച്ചെങ്കിലും അധികം നീണ്ടുനിന്നില്ല. മാലിക്കിന്റെ വിക്കറ്റ് വീഴ്ത്തി റൂബൈല്‍ ബുസൈന്‍ ആ കൂട്ടുകെട്ട് പൊളിച്ചു.

ആസിഫ് അലിയും ഫഖര്‍ സമാനും 71 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി പാക് ടീമിന് പ്രതീക്ഷ നല്‍കിയെങ്കിലും ആസിഫ് അലിയുടെ വിക്കറ്റെടുത്ത് ബംഗ്ലാദേശ് വിജയത്തിന് തടയിട്ടു. പിന്നീടങ്ങോട്ട് വിക്കറ്റുകള്‍ വീണത് പെട്ടെന്നായിരുന്നു. ഒടുവില്‍ 202 റണ്‍സിന് പാക്കിസ്ഥാന്‍ ഇന്നിങ്‌സ് അവസാനിച്ചു.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മുഷ്ഫിഖര്‍ റഹീമിന്റെയും മുഹമ്മദ് മിഥുന്റെയും മികച്ച ബാറ്റിങ്ങിലാണ് 239 റണ്‍സെടുത്തത്. മുഷ്ഫിഖര്‍ 99 റണ്‍സെടുത്തു. മുഹമ്മദ് മിഥുന്‍ 60 റണ്‍സ് എടുത്തു. ഇരുവരും ചേര്‍ന്ന് 144 റണ്‍സിന്റെ കൂട്ടകെട്ടാണുണ്ടാക്കിയത്

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ