ഈ സീസണ്‍ ആരംഭിച്ചതോടെ പ്രീമിയര്‍ ലീഗ് ആരാധകരെല്ലാം ആവേശത്തിലാണ്. പ്രിയപ്പെട്ട ടീമിന്റെ കളി കാണാനും അവര്‍ക്ക് വേണ്ടി ആരവമുയര്‍ത്താനുമെല്ലാം അവര്‍ തയ്യാറായി കഴിഞ്ഞു. എന്നാല്‍ മറുവശത്ത് ഒരു കൂട്ടര്‍ നിരാശരായിരുന്നു. ലാ ലീഗ ആരാധകര്‍. ലാ ലീഗ ഇന്ത്യയില്‍ തത്സമയം സംപ്രേക്ഷണം ചെയ്യില്ലെന്ന് അറിഞ്ഞതോടെ വിഷമത്തിലായിരുന്നു അവര്‍. സോണി ചാനലില്‍ ലാ ലീഗ കാണില്ലെന്ന് അറിഞ്ഞതോടെ ദുഃഖത്തിലാഴ്ന്ന അവര്‍ക്കെല്ലാം ഇതാ ഒരു സന്തോഷ വാര്‍ത്ത. ലാ ലീഗ മത്സരങ്ങള്‍ ഇന്ത്യയിലും തത്സമയം കാണാം.

പക്ഷെ ലാ ലീഗ കാണാനായി ടിവിയുടെ റിമോട്ടെടുത്ത് ചാനല്‍ മാറ്റി നോക്കിയിട്ട് കാര്യമില്ല. കാരണം ലാ ലീഗയുടെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഫെയ്‌സ്ബുക്കാണ്. വെള്ളിയാഴ്ച ആരംഭിക്കുന്ന സ്പാനിഷ് ലീഗിലെ 380 മത്സരങ്ങളും ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, മാലി ദ്വീപ്, ശ്രീലങ്ക, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ആരാധകരിലേക്ക് എത്തിക്കുക ഫെയ്‌സ്ബുക്കായിരിക്കും.

അടുത്ത മൂന്ന് സീസണിലേക്കുള്ള സംപ്രേക്ഷണ അവകാശമാണ് ഫെയ്‌സ്ബുക്ക് സ്വന്തമാക്കിയിരിക്കുന്നത്. പോയ വര്‍ഷങ്ങളില്‍ സോണിയ്ക്കായിരുന്നു ലാ ലീഗയുടെ സംപ്രേക്ഷണ അവകാശം. എത്ര തുകയ്ക്കാണ് ഫെയ്‌സ്ബുക്ക് സംപ്രേക്ഷണ അവകാശം നേടിയതെന്ന് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമല്ല. അതേസമയം, 90 മില്യണ്‍ പൗണ്ടിനാണ് ഡീല്‍ എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഫെയ്‌സ്ബുക്കിന്റെ വലിയ മാര്‍ക്കറ്റുകളിലൊന്നാണ് ഇന്ത്യ. ഇന്ത്യയില്‍ ലാ ലീഗയ്ക്കുള്ള ആരാധകരുടെ എണ്ണവും വലുതാണ്. ഈ സാഹചര്യം മുതലെടുക്കാനാണ് സുക്കര്‍ബര്‍ഗിന്റേയും സംഘത്തിന്റേയും ലക്ഷ്യം. നേരത്തെ മേജര്‍ ലീഗ് ബേസ് ബോളിന്റേയും സംപ്രേക്ഷണ അവകാശം ഫെയ്‌സ്ബുക്ക് സ്വന്തമാക്കിയിരുന്നു. കായിക രംഗത്തിനോടുള്ള ഫെയ്‌സ്ബുക്കിന്റെ താല്‍പര്യവും വര്‍ധിച്ചു വരുന്നതായാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ