മൊഹാലി: കൊടുങ്കാറ്റ്, അക്ഷരാര്‍ത്ഥത്തില്‍ അതു തന്നെയായിരുന്നു ഇന്ന് കെഎല്‍ രാഹുലിന്റെ പ്രകടനം. ട്രെന്റ് ബോള്‍ട്ട് അടക്കമുള്ള ഡല്‍ഹിയുടെ ബൗളിംഗ് നിരയെ യാതൊരു ദയയുമില്ലാതെ പ്രഹരിച്ച രാഹുല്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ച്വറിയാണ് കുറിച്ചത്.

വെറും 14 പന്തിലാണ് രാഹുല്‍ 51 റണ്‍സ് നേടിയത്. ഇത്തവണത്തെ ഐപിഎല്‍ താരലേലത്തില്‍ 11 കോടിയെറിഞ്ഞാണ് പഞ്ചാബ് കെഎല്‍ രാഹുലിനെ സ്വന്തമാക്കിയത്. വെടിക്കെട്ട് ബാറ്റ്‌സ്മാന്മാര്‍ പലരെയും ബാക്കിനിര്‍ത്തി രാഹുലിന് വേണ്ടി ഇത്രയും പണം മുടക്കിയ പഞ്ചാബിനെ പരിഹസിച്ചവരാണ് അധികവും. എന്നാല്‍ വിമര്‍ശകര്‍ക്കെല്ലാമുളള മറുപടിയായി രാഹുലിന്റെ ആദ്യ മത്സരത്തിലെ തന്നെ പ്രകടനം.

മൂന്ന് സിക്സും ആറ് ഫോറുമടക്കമാണ് കെഎല്‍ രാഹുലിന്റെ അര്‍ദ്ധസെഞ്ച്വറി. ട്രന്റ് ബോള്‍ട്ടിന്റെ ആദ്യ ഓവറില്‍ ഒരു സിക്‌സും രണ്ട് ഫോറുമടിച്ച രാഹുല്‍ തൊട്ടടുത്ത ഓവറില്‍ മുഹമ്മദ് ഷമിയെയും ഒരു സിക്‌സും ഫോറും പറത്തി. മൂന്നാമത്തെ ഓവര്‍ എറിഞ്ഞ അമിത് മിശ്രയെ പക്ഷെ രണ്ട് സിക്‌സും മൂന്ന് ഫോറും പറത്തിയ രാഹുല്‍ ഈ ഓവറില്‍ 26 റണ്‍സാണ് നേടിയത്.

രാഹുല്‍ നടത്തിയ വെടിക്കെട്ട് പ്രകടനമാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്. ഡല്‍ഹി ഉയര്‍ത്തിയ 167 റണ്‍സിന്റെ വിജയലക്ഷ്യം പഞ്ചാബ് ഓരോവറും ഒരു പന്തും ബാക്കി നില്‍ക്കെ മറി കടക്കുകയാണ്.

അര്‍ധസെഞ്ച്വറി നേടിയ കരുണ്‍ നായരും 24 റണ്‍സെടുത്ത ഡേവിഡ് മില്ലറും 22 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയ്‌നിസും ചേര്‍ന്ന് പഞ്ചാബിനെ അനായാസ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ