ആരാണ് കപിൽ ദേവ്. ഒറ്റ വാക്കിൽ ഇന്ത്യയ്ക്ക് ആദ്യമായി ക്രിക്കറ്റ് ലോക കിരീടം സമ്മാനിച്ച നായകൻ. അതിനുമപ്പുറം ഇന്ത്യ കണ്ട, ലോകം കണ്ട, എക്കാലത്തെയും മികച്ച ഓൾറൗണ്ടർ. ഇന്ത്യൻ ക്രിക്കറ്റ് ലോകമെന്നാൽ വൻ നഗരങ്ങളിലെ ക്രിക്കറ്റ് മൈതാനങ്ങൾ മാത്രമാണെന്ന ധാരണ ഉണ്ടായിരുന്ന കാലത്താണ് ഹരിയാനയിൽ നിന്ന് ഇന്ത്യൻ ടീമിലേക്ക് കപിൽ ദേവ് ഉയർന്നുവന്നത്. അന്ന് ലോക ക്രിക്കറ്റ് ഭൂപടം വെസ്റ്റ് ഇന്റീസ് എന്ന രാജ്യത്തിലേക്ക് മാത്രം ഉറ്റുനോക്കിയ കാലം.

പിന്നീട്, ഓൾറൗണ്ടർ പ്രകടനത്തിലെ മികവിലൂടെ ഇന്ത്യയിലെ ക്രിക്കറ്റ് സൂപ്പർതാര നിരയിലേക്ക് അയാൾ  പൊടുന്നനേ ഉയർന്നുവന്നു. മൈതാനത്ത് ബാറ്റ് കൊണ്ടും ബോളു കൊണ്ടും വിസ്മയിപ്പിച്ച് ഗാലറിയുടെ ആരവത്തെ ഉയർത്തി. എന്നാൽ ആ മാസ്മരിക പ്രകടനങ്ങൾ പലതും പിൽക്കാലത്ത് അത്രയധികം ഓർക്കപ്പെട്ടില്ല. നാല് പന്തുകൾ തുടർച്ചയായി സിക്സറിന് പറത്തി ആക്രമണം എന്തെന്ന് ബാറ്റ് കൊണ്ട് പഠിപ്പിച്ച അതേ ക്രിക്കറ്റർ ഇമ്രാൻ ഖാന്റെ മിഡിൽ വിക്കറ്റ് തെറിപ്പിച്ചത് എക്കാലത്തെയും മികച്ച ക്രിക്കറ്റ് കാഴ്ചയാണ്.

ക്രിക്കറ്റ് ഏറെയൊന്നും പ്രചാരം നേടാതിരുന്ന കാലത്ത് കപിൽ മൈതാനത്ത് തീർത്ത അവിസ്മയിപ്പിക്കുന്ന ഓൾറൗണ്ട് പ്രകടനത്തിൽ ചിലതിലേക്ക് പോകാം.

1990 ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് ടൂർ. അന്ന് ലോർഡ്സിലെ മൈതാനത്ത് ഇന്ത്യൻ ബൗളിംഗ് നിരയെ നിഷ്പ്രഭമാക്കി ഇംഗ്ലണ്ട് താരം ഗൂച്ച് 333 റൺസ് നേടി. 653 റൺസായിരുന്നു ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സിലെ സന്പാദ്യം. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ പക്ഷെ 430 ൽ എത്തിനിൽക്കെ 9 വിക്കറ്റ് നഷ്ടമായി. 223 റൺസ് പുറകിലായിരുന്ന ടീമിന് പരമാവധി ലീഡ് കുറയ്ക്കുക മാത്രമായിരുന്നു കപിലിന്റെ ലക്ഷ്യം. പന്തെറിയാൻ എത്തിയ ഇംഗ്ലണ്ട് സ്പിന്നർ എഡ്ഡി ഹെമ്മിംഗ്സിന്റെ എക്കാലത്തെയും വലിയ ദുസ്വപ്നമായിരുന്നു ആ ദിനം. മിഡ് ഓണിന് മുകളിലൂടെ തുടർച്ചയായ നാല് പന്തും സിക്സർ പറത്തിയ കപിലിന്റെ മാസ്മരിക ബാറ്റിംഗ് പ്രകടനത്തിന് ലോർഡ്സ് അന്ന് സാക്ഷിയായി.

1978-79 കാലത്ത് പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ടെസ്റ്റ് മത്സരത്തിലാണ് കപിൽ ദേവ് എന്ന ഇതിഹാസ ഇന്ത്യൻ ക്രിക്കറ്റർ അരങ്ങേറിയത്. ആ കാഴ്ചയാണിത്.

കപിൽദേവിന്റെ 20 വർഷത്തോളം നീണ്ട ക്രിക്കറ്റ് ജീവിതത്തിൽ എക്കാലവും ഓർത്തുവയ്ക്കുന്ന കാഴ്ചയാണിത്. ബാറ്റിംഗ് ഇതിഹാസം ഇമ്രാൻ ഖാന്റെ മിഡിൽ സ്റ്റംപ് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എറിഞ്ഞിടുകയായിരുന്നു അദ്ദേഹം.

ലൈനും ലെഗ്‌തും കൃത്യമായിരുന്ന കപിൽ ദേവ് എറിഞ്ഞ ഓരോ ബോളും എതിരാളിയായ ബാറ്റ്സ്‌മാനും എന്നും ഭയപ്പെടുത്തുന്നതായിരുന്നു. 1981 ൽ ഓസ്ട്രേലിയയിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ ഓസീസ് ബാറ്റിംഗ് നിര, ഈ ഇതിഹാസ താരത്തിന്റെ ബോളുകളെ എത്രത്തോളം ഭയന്നുവെന്ന് ഈ കാഴ്ചകളിൽ നിന്ന് വ്യക്തം. മത്സരത്തിൽ ടീമിനെ വിജയതീരത്തെത്തിക്കുകയായിരുന്നു കപിൽ.

1990 ൽ ഇംഗ്ലണ്ടിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിൽ കപിലിന്റെ ബാറ്റിംഗ് പ്രകടനമാണിത്. 143 പന്ത് നേരിട്ട അദ്ദേഹം 113 റൺസ് ആണ് മത്സരത്തിൽ നേടിയത്. അതിൽ 16 ഫോറുകൾ ഉണ്ടായിരുന്നു. തന്റെ ഏറ്റവും പ്രിയപ്പെട്ട മത്സരങ്ങളിലൊന്നായി പിൽക്കാലത്ത് കപിൽ തന്നെ വ്യക്തമാക്കിയതും ഈ മത്സരത്തിലെ ബാറ്റിംഗ് പ്രകടനമാണ്.

ഇന്നത്തെ ബാറ്റ്സ്‌മാന്മാർക്ക് പോലും എങ്ങിനെ നേരിടണമെന്ന് വ്യക്തമായി അറിയാത്ത ചില ബൗളിംഗ് പ്രകടനമുണ്ട് കപിലിന്റേതായി. അവയിൽ ചിലത് ചേർത്തുവച്ച് തയ്യാറാക്കിയതാണ് ഈ വീഡിയോ.

ടെസ്റ്റിൽ അക്കാലത്ത് ആക്രമിച്ച് കളിക്കുന്ന ശീലം തീരെ കുറവായിരുന്നു. 1982 ലെ മത്സരത്തിൽ 55 പന്തിൽ 89 റൺസാണ് ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടിൽ കപിൽ നേടിയത്. എക്കാലത്തെയും ഇന്ത്യൻ താരത്തിന്റെ അഭിമാന പ്രകടങ്ങളിൽ ഒന്നായി കപിലിന്റെ ഈ ആക്രമണ ശൈലി അഭിനന്ദനം നേടുന്നുണ്ട്.

അവസാനത്തേത് പക്ഷെ ഒരിക്കലും മറക്കാത്ത ഒരു സിക്സാണ്. ഓസീസ് മണ്ണിൽ ഗ്രെഗ് മാത്യൂസിന്റെ സ്പിൻ ബോളിനെ അതിർത്തിക്കപ്പുറത്തേക്ക് പറത്തുകയായിരുന്നു കപിൽ ഇത് അദ്ദേഹത്തിന്റെ ഏറ്റവും നീളമേറിയ സിക്സുമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ