ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ഒമ്പത് വിക്കറ്റ് എറിഞ്ഞിട്ടായിരുന്നു കിവീസിനെ 230 റണ്‍സില്‍ ഇന്ത്യ പിടിച്ചുകെട്ടിയത്.

റണ്‍സ് ഒഴുകുമെന്ന് പ്രവചിച്ചിരുന്ന പിച്ചിൽ ഇന്ത്യൻ പേസർമാരെ നേരിടാൻ കിവീസ് ബാറ്റ്സ്മാൻമാർ ബുദ്ധിമുട്ടി. സ്കോർ 27-ൽ എത്തിയപ്പോൾ തന്നെ ക്യാപ്റ്റൻ കെയ്ൻ വില്യംസണും ഓപ്പണർമാരായ മാർട്ടിൻ ഗുപ്റ്റിൽ, കോളിൻ മണ്‍റോ എന്നിവരും പവലിയനിൽ തിരിച്ചെത്തി. ആദ്യ മത്സരത്തിലെ വിജയശില്പികളായ ടോം ലാതം, റോസ് ടെയ്ലർ എന്നിവർക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ടെയ്‌ലർ 21 റണ്‍സിനും ലാതം 38 റണ്‍സിനും പുറത്തായി.

ഭുവനേശ്വര്‍ കുമാറായിരുന്നു ഇന്ത്യന്‍ ബോളിങ്ങില്‍ ഇന്നലെ കുന്തമുനയായി നില കൊണ്ടത്. 45 റണ്‍സ് വഴങ്ങിയ ഭുവി നിര്‍ണായകമായ മൂന്ന് വിക്കറ്റുകളാണ് എറിഞ്ഞിട്ടത്. മാര്‍ട്ടിന്‍ ഗുപ്തില്‍, കോളിന്‍ മണ്‍റോ, ഹെന്‍‍റി നിക്കോള്‍സ് എന്നിവരുടെ വിക്കറ്റുകളാണ് ഭുവനേശ്വര്‍ നേടിയത്.

ഗുപ്തിലിനെ ധോണിയുടെ കൈകളില്‍ എത്തിച്ച് മടക്കിയപ്പോള്‍ മണ്‍റോ ക്ലീന്‍ ബൗള്‍ഡ് ആവുകയായിരുന്നു. എന്നാല്‍ മൂന്നാമത് നേടിയ നിക്കോള്‍സിന്റെ ഔട്ടാണ് ഏറെ ശ്രദ്ധേയം. വേഗതയേറിയ പന്തില്‍ തെറിച്ച ഓഫ് സ്റ്റംപ് കീപ്പറോളം അടുത്തെത്തിയാണ് വിശ്രമിച്ചത്.

11 റണ്‍സ് മാത്രമാണ് കിവീസിന്റെ തകര്‍ത്തടിക്കാരനായ ഗുപ്തിലിനെ എടുക്കാന്‍ ഭുവി അനുവദിച്ചത്. 10 റണ്‍സ് എടുത്ത് നില്‍ക്കെ മണ്‍റോയേയും തിരിച്ചയച്ചു. ഇന്നലത്തെ ജയത്തോടെ മൂന്ന് മത്സരങ്ങളുളള ഏകദിന പരമ്പരയില്‍ ഇന്ത്യ കീവീസിനൊപ്പം എത്തി. ആദ്യ മത്സരത്തില്‍ ആതിഥേയര്‍ക്കായിരുന്നു വിജയം.

ശിഖര്‍ ധവാന്റെ 68 (84) റണ്‍സ് പ്രകടനവും പുറത്താകാതെ ദിനേഷ് കാര്‍ത്തിക് നേടിയ 64 റണ്‍സും ഇന്ത്യയ്ക്ക് മുതല്‍കൂട്ടായി. നായകന്‍ കോഹ്‌ലി 29 റണ്‍സെടുത്ത് പുറത്തായി. പാണ്ഡ്യ 30 റണ്‍സെടുത്തു. മഹേന്ദ്രസിങ് ധോണി 18 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചഹൽ എന്നിവർ രണ്ടും വീതം വിക്കറ്റുകൾ നേടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ