ഒരു പന്തിൽ നിറയെ മണ്ടത്തരങ്ങൾ, ന്യൂസിലാൻഡ് – ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം 25-ാം ഓവറിന്റെ അവസാന പന്തിൽ സംഭവിച്ച കാര്യങ്ങളെ വേണമെങ്കിൽ ഇങ്ങനെ പറയാം. ഏഴ് റൺസാണ് ആ ഒരു പന്തിൽ ബംഗ്ലാദേശ് ന്യൂസിലാൻഡിനു സമ്മാനിച്ചത്. അതും വിക്കറ്റ് ലഭിക്കേണ്ട പന്തിൽ.
ഇബാദത്ത് ഹൊസൈൻ എറിഞ്ഞ 25-ാം ഓവറിലാണ് സംഭവം. വിൽ യങിന്റെ ബാറ്റിൽ തട്ടിയ പന്ത് രണ്ടാം സ്ലിപ്പിൽ ലിറ്റൺ ദാസിന്റെ കൈകളിലേക്ക് , എന്നാൽ അത് ലിറ്റൺ താഴെ ഇടുന്നു. പന്ത് നേരെ ബൗണ്ടറിയിലേക്ക് യങ്ങും ടോം ലാഥവും മൂന്ന് റൺസ് ഓടിയെടുക്കുന്നു.
ബൗണ്ടറിയിൽ നിന്ന് പന്ത് കൈക്കുള്ളിൽ ആക്കിയ ഫീൽഡർ അത് കീപ്പറിന് എറിഞ്ഞു നൽകുന്നു, കീപ്പർ അത് തിരിച്ചു തയ്യാറായി നിൽക്കാത്ത ബൗളർക്ക് നേരെ എറിയുന്നു. പന്ത് ബൗളർക്ക് പിടിക്കാൻ കഴിയാതെ ബൗണ്ടറിയിലേക്ക്. അതോടെ വിക്കറ്റ് ആവേണ്ട പന്തിൽ നിന്ന് ന്യൂസിലൻഡിന് ലഭിച്ചത് ഏഴ് റൺസ്.
ഒന്നാം വിക്കറ്റിലെ കൂട്ടുക്കെട്ട് തകർക്കാനുള്ള സുവർണ അവസരമാണ് ക്യാച്ച് കൈവിട്ടതോടെ ബംഗ്ലാദേശിന് നഷ്ട്മായത്. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ 349-1 എന്ന നിലയിലാണ് ന്യൂസിലന്‍ഡ്. 278 പന്തില്‍ 186 റണ്‍സുമായി നായകന് ടോം ലാഥവും 148 പന്തില്‍ 99 റണ്‍സുമായി ദേവോണ്‍ കേണ്വെയുമാണ് ക്രീസില്‍. 114 പന്തില്‍ 54 റണ്‍സെടുത്ത വില്‍ യങ്ങിനെ ഷൊരീഫുള്‍ ഇസ്ലാമാണ് പുറത്താക്കിയത്. ഒന്നാം വിക്കറ്റില്‍ യങ്ങും ലാഥവും ചേർന്ന് 148 റണ്‍സാണ് കൂട്ടിച്ചേർത്തത്. പരമ്പരയില്‍ 1-0ന് ബംഗ്ലാദേശ്.
Also Read: ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടിക: ഇന്ത്യ നാലാം സ്ഥാനത്ത്