ന്യൂഡല്‍ഹി: അണ്ടര്‍ 19 ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തില്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറിനെ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. ബന്ധുനിയമനമാണ് ക്രിക്കറ്റ് ബോര്‍ഡ് നടത്തിയതെന്നായിരുന്നു സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ മകനെ ചൂണ്ടിക്കാട്ടി ആരോപണം ഉയര്‍ന്നത്. പല മികച്ച കൗമാരക്കാരും പുറത്തിരിക്കുമ്പോള്‍ സച്ചിന്റെ മകനെ അനധികൃതമായി തിരുകിക്കയറ്റി എന്നായിരുന്നു ആരോപണം. എന്നാല്‍ ഈ വിവാദങ്ങളുടെ സ്റ്റംപ് പിഴുത് തുടങ്ങിയിരിക്കുകയാണ് അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍.

സച്ചിന്‍ ബാറ്റുകൊണ്ടാണ് ക്രിക്കറ്റ് ലോകം കീഴടക്കിയതെങ്കിലും പന്താണ് അര്‍ജുന്റെ ആയുധം. ഇടംകൈയ്യന്‍ പേസറായ അര്‍ജുന് ഇരുവശങ്ങളിലേക്കും അനായാസം പന്ത് സ്വിങ് ചെയ്യിക്കാനുള്ള കഴിവുണ്ട്. അതും പേസ് ബോളിങ്. ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ മൂന്നാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് എറിഞ്ഞിട്ടാണ് അര്‍ജുന്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയത്. ഓപ്പണറായ കാമില്‍ മിഷാരയെ എല്‍ബിഡബ്ല്യൂവില്‍ കുരുക്കിയാണ് അര്‍ജുന്‍ പുറത്താക്കിയത്.

ടെസ്റ്റ് മത്സരത്തില്‍ മാത്രമാണ് 18കാരനായ അര്‍ജുന്‍ കളിക്കുന്നത്. ശ്രീലങ്കയ്ക്കെതിരെ അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക. ഇതിലെ ആദ്യ മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. ഓൾറൗണ്ടറായ അര്‍ജുനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നെറ്റ്‌സിലും ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ നെറ്റ്‌സിലും പന്തെറിഞ്ഞ് അര്‍ജുന്‍ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. അതിനിടയില്‍ ആഭ്യന്തര ക്രിക്കറ്റിലും ശ്രദ്ധേയപ്രകടനങ്ങള്‍ അര്‍ജുനില്‍നിന്നുണ്ടായി.

അണ്ടര്‍ 14, അണ്ടര്‍ 16 ടീമിലും അര്‍ജുന്‍ ഇടംപിടിച്ചിരുന്നു. അച്ഛന്റെ വഴിയേ അല്ല മകനെങ്കിലും മികച്ച ബോളിങ് പ്രകടനമാണ് അര്‍ജുന്‍ നടത്തുന്നത്. പലപ്പോഴും ഇന്ത്യന്‍ താരങ്ങള്‍ക്കും അണ്ടര്‍ 19 താരങ്ങള്‍ക്കും അര്‍ജുനാണ് നെറ്റില്‍ പന്തെറിയാറുള്ളത്. ഇംഗ്ലണ്ടില്‍ നടന്ന 2017ലെ വനിതാ ലോകകപ്പില്‍ ഇന്ത്യയുടെ വനിതാ ടീം അംഗങ്ങള്‍ക്ക് അദ്ദേഹമാണ് നെറ്റില്‍ പന്തെറിഞ്ഞ് പരിശീലനത്തിന് സഹായിച്ചത്.

ഡല്‍ഹി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ അനൂജ് റാവത്താണ് ശ്രീലങ്കയില്‍ ടെസ്റ്റ് ടീമിനെ നയിക്കുന്നത്. 2017-2018 രഞ്ജി ട്രോഫിയിലാണ് റാവത്ത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്. 2017ലെ അണ്ടര്‍ 19 ഏഷ്യ കപ്പില്‍ അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആര്യന്‍ ജുയലാണ് ഏകദിന മത്സരങ്ങളിലെ നായകന്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ