ഓസ്ട്രേലിയയ്ക്ക് എതിരായ മത്സരത്തിനിടെ പാക് താരം അസ്ഹര്‍ അലിയുടെ റണ്‍ ഔട്ട് കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. ഏറെ പരിഹസിക്കപ്പെട്ട ഈ റണ്‍ഔട്ടിന് ശേഷം മറ്റൊരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ന്യൂസിലന്റില്‍ നടക്കുന്ന പ്ലങ്കറ്റ് ഷീല്‍ഡ് മാച്ചിനിടെ വെല്ലിംഗ്ടണും ഒട്ടാഗോയും തമ്മിലുളള മത്സരത്തിലെ ഔട്ട് കണ്ടാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ ചിരിക്കുന്നത്.

ന്യൂസിലന്റ് താരം നഥാന്‍ സ്മിത്തും മൈക്കള്‍ റിപ്പനും ആയിരുന്നു ക്രീസില്‍. 47ാം ഓവറില്‍ റിപ്പണാണ് പന്ത് ഉയര്‍ത്തി അടിച്ചത്. ഒന്ന് ഓടി രണ്ടാം രണ്‍ എടുക്കാന്‍ തിരികെ ഓടുമ്പോള്‍ റിപ്പണ്‍ കാല്‍ വഴുതി വീണു.

എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ രണ്ടാം തവണയും അദ്ദേഹം വീണു. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ രണ്ടാം റണ്ണിനായി ഓടി വന്ന സ്മിത്തും പാതിവഴിയല്‍ വീണു. ഇതോടെ വെല്ലിംഗ്ടണിന്റെ കീപ്പര്‍ ലച്ചി ജോണ്‍സ് പന്ത് പിടിച്ചെടുത്ത് സ്മിത്തിനെ ഔട്ടാക്കി. വീഡിയോ പുറത്തുവന്നതോടെ ഈ ആഴ്ച്ചയിലെ മികച്ച കോമിക് റണ്‍ ഔട്ട് ആയി ഇതിനെ ട്വിറ്റര്‍ ഉപയോക്താക്കള്‍ വിധിയെഴുതി.