മുംബൈ: മുൻ ഇന്ത്യൻ താരവും രഞ്ജി ട്രോഫി ക്രിക്കറ്റ് ഇതിഹാസവുമായ വസിം ജഫർ ക്രീസിനോട് വിടപറയുന്നു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് താരം. രണ്ടര പതിറ്റാണ്ടോളം നീണ്ടുനിന്ന ക്രിക്കറ്റ് ജീവിതത്തിനാണ് വസിം ജാഫറെന്ന 42 കാരൻ വിരാമമിടുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ എത്തിപിടിക്കാനാവത്ത ഒരുപിടി നേട്ടങ്ങൾ തന്റെ പേരിൽ സ്വന്തമാക്കിയ താരമാണ് വസിം ജാഫർ.

മുംബൈ ടീമിന് വേണ്ടി 1996-1997 സീസണിൽ അരങ്ങേറ്റം കുറിച്ച താരം 2015-2016 ആയപ്പോൾ വിദർഭയിലേക്ക് കൂടുമാറി. ഇക്കാലമത്രയും ആഭ്യന്തര ക്രിക്കറ്റിലെ അധികായകന്മാരുടെ പട്ടികയിൽ മുൻനിരയിൽ തന്നെയായിരുന്നു വസിം ജാഫറിന്റെ പേര്. സ്ഥിരതയാർന്ന പ്രകടനവും പ്രായം തളർത്താത്ത വീര്യവുമാണ് വസിം ജാഫറിന്റെ കരിയറിനെ ക്രിക്കറ്റ് ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിനിൽക്കുമ്പോഴും രാജ്യാന്തര വേദികളിൽ അതിഥി മാത്രമായിരുന്നു വസിം ജാഫർ.

Also Read: ഇന്ത്യന്‍ ടീമിലേക്കുള്ള സാധ്യതകൾ സജീവമാക്കി സന്ദീപ് വാര്യർ; പ്രതീക്ഷയുടെ ഭാരമില്ലെന്ന് താരം

260 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച താരം 19,410 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. 50.67 റൺശരാശരിയിൽ ബാറ്റ് വീശുന്ന താരത്തിന്റെ അക്കൗണ്ടിലുള്ളത് 57 സെഞ്ചുറികളും 91 അർധസെഞ്ചുറികളുമാണ്. 314 റൺസാണ് വസിം ജാഫറിന്റെ ഏറ്റവും ഉയർന്ന സ്കോർ. ഏറ്റവും ഒടുവിൽ നടന്ന രഞ്ജി ട്രോഫിയിലും കേരളത്തിനെതിരെ അർധസെഞ്ചുറി തികയ്ക്കാൻ വസിം ജാഫറിന് സാധിച്ചിരുന്നു.

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള ബാറ്റ്സ്മാനാണ് ജാഫർ. രഞ്ജി ട്രോഫിയിൽ 12,000 റൺസ് നേടിയ ആദ്യ ബാറ്റ്‌സ്മാനെന്ന റെക്കോർഡും 150 മത്സരങ്ങൾ കളിക്കുന്ന ആദ്യ പ്ലേയറെന്ന നേട്ടവും വസിം ജാഫറിന്റെ പേരിലാണ്. ഇന്ത്യയ്ക്കായി 31 ടെസ്റ്റ് മത്സരങ്ങൾ കളിച്ച വസിം ജാഫർ ഒരു ഡബിൾ സെഞ്ചുറിയുൾപ്പടെ 1944 റൺസ് നേടി. വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു വസിം ജാഫറിന്റെ ഇരട്ട സെഞ്ചുറി പ്രകടനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook