ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ വലിയൊരു വിവാദച്ചുഴിയിൽ അകപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീം പരിശീലക സ്ഥാനം രാജിവയ്‌ക്കുന്നതായി മുൻ ഇന്ത്യൻ താരം കൂടിയായ വസീം ജാഫർ അറിയിച്ചത്. ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി മഹിം വർമയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് ജാഫർ രാജിക്കത്ത് സമർപ്പിച്ചത്. മഹിം വർമയും ടീം സെലക്‌ടർമാരും അർഹതയില്ലാത്ത കളിക്കാരെ ടീമിൽ ഉൾപ്പെടുത്താൻ വഴിവിട്ട ശ്രമങ്ങൾ നടത്തുന്നതായാണ് ജാഫർ ആരോപിച്ചത്.

സയിദ് മുഷ്‌താഖ് അലി ട്രോഫിക്കായുള്ള ടീം സെലക്ഷൻ മുതലാണ് വസീം ജാഫറും ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാകുന്നത്. യാതൊരു തരത്തിലും അർഹതയില്ലാത്ത ചില താരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ അസോസിയേഷൻ സെക്രട്ടറി ശ്രമിച്ചു. മികച്ച താരങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്‌തു. ഇതിൽ വസീം ജാഫറിന് ശക്തമായ അഭിപ്രായഭിന്നതയുണ്ടായിരുന്നു. ഇതോടെ തർക്കം രൂക്ഷമായി. അനർഹരെ തിരുകി കയറ്റാൻ ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ തീവ്രശ്രമങ്ങൾ നടത്തിയെന്നും ടീം സെലക്ഷനിൽ ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി മഹിം വർമ ഉൾപ്പെടെയുള്ളവർ വ്യാപകമായി ഇടപെട്ടുവെന്നും ജാഫർ രാജിക്കത്തിൽ പറഞ്ഞിട്ടുണ്ട്.

Read Also: രണ്ടാം ടെസ്റ്റ്: ആർച്ചറില്ലാതെ ഇംഗ്ലണ്ട്, ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യത

എന്നാൽ, ജാഫറിന്റെ രാജിയെ ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ പ്രതിരോധിച്ചു. ജാഫറിന് മുസ്‌ലിം പ്രീണനമാണ് ഉള്ളതെന്ന് മഹിം വർമ പറഞ്ഞു. ‘ഡ്രസിങ് റൂമിനെ വർഗീയവൽക്കരിച്ചു. മുസ്‌ലിം താരങ്ങൾക്ക് അവസരം ലഭിക്കാൻ ഇടപെട്ടു’ തുടങ്ങിയ ആരോപണങ്ങളാണ് ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ജാഫറിനെതിരെ ഉന്നയിച്ചത്.

വസീം ജാഫർ ടീം അംഗങ്ങൾക്കൊപ്പം

അതേസമയം, തനിക്കെതിരായ ആരോപണങ്ങളെ ജാഫർ തള്ളി. വർഗീയ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ജാഫർ പറഞ്ഞു. താൻ മുസ്‌ലിം താരങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ടെങ്കിൽ ടീമിൽ ഉണ്ടായിരുന്ന മുസ്‌ലിം കളിക്കാർ എല്ലാ മത്സരങ്ങളും കളിച്ചേനെയെന്ന് ജാഫർ പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനും മുൻ പരിശീലകനുമായ അനിൽ കുംബ്ലെ അടക്കമുള്ളവർ വസീം ജാഫറിനെ പിന്തുണച്ചു.

ആരാണ് വസീം ജാഫർ ?

ഇന്ത്യയ്‌ക്കായി 31 ടെസ്റ്റുകൾ കളിച്ച താരമാണ് ജാഫർ. അഞ്ച് സെഞ്ചുറിയും 11 അർധ സെഞ്ചുറിയും അടക്കം 34.10 ശരാശരിയിൽ 1,944 റൺസ് നേടിയിട്ടുണ്ട്. 212 റൺസാണ് ഏറ്റവും ഉയർന്ന സ്‌കോർ. രണ്ട് ഏകദിന മത്സരങ്ങളിലും ഇന്ത്യയ്‌ക്കായി കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണറായിരുന്നു ജാഫർ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 260 മത്സരങ്ങളിൽ നിന്ന് 19,410 റൺസ് സ്വന്തമാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook