കഴിഞ്ഞ കുറെ നാളുകളായി ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്ന് കോഹ്‌ലിയാണോ സ്മിത്താണോ മികച്ച ബാറ്റ്സ്മാൻ എന്നാണ്. ചെറിയ പ്രായത്തിൽ തന്നെ രാജ്യാന്തര വേദികളിൽ തിളങ്ങുകയും അവരവരുടെ രാജ്യങ്ങളെ നയിക്കുകയുമൊക്കെ ചെയ്യുന്ന രണ്ട് താരങ്ങളാണ് ഇരുവരും. സമാന സ്വഭാവമാണ് കളിരീതിയിൽ ഇരുവരും വച്ച് പുലർത്തുന്നതും.
അതുകൊണ്ട് തന്നെ ഇവരിൽ ആരാണ് കേമൻ എന്ന ചോദ്യത്തിന് ഉത്തരം നൽകുക അൽപം ബുദ്ധിമുട്ടാണ്. എന്നാൽ ടെസ്റ്റിൽ സ്‌മിത്താണ് കേമൻ എന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ മിന്നും താരം വസീം ജാഫറും പറയുന്നു ടെസ്റ്റിൽ സ്മിത്ത് തന്നെ താരം.
പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഒരു വർഷത്തെ വിലക്കിന് ശേഷം മടങ്ങിയെത്തിയപ്പോഴും പഴയ പോരാട്ട വീര്യത്തിന് ഒട്ടും കുറവ് വരാതെ കൂടുതൽ മികവോടെ ബോളർമാരെ നേരിട്ട സ്മിത്തിനെ പ്രശംസിക്കാനും ജാഫർ മറന്നില്ല. താരത്തിന്റെ ഈ സ്ഥിരതയാണ് കോഹ്‌ലിയിൽ നിന്നും ഒരുപടി മേലെ അദ്ദേഹത്തെ നിർത്തുന്നതും ജാഫർ വ്യക്തമാക്കി.
Read Also: ഫിഫ ലോകകപ്പ് യോഗ്യത: ഖത്തറിനെതിരായ ഇന്ത്യൻ പോരാട്ടം ഒക്ടോബറിൽ
അതേസമയം, മൂന്ന് ഫോർമാറ്റുകളുമെടുത്താൽ കേമൻ കോഹ്‌ലിയെന്നാണ് വസീം ജാഫറിന്റെ ഉത്തരം. മൂന്ന് ഫോർമാറ്റുകളിലും ഒരേപോലെ തിളങ്ങാൻ സാധിക്കുക വലിയ കാര്യമാണ്. നിലവിൽ ടെസ്റ്റ്-ഏകദിന-ടി20 ഫോർമാറ്റുകളിൽ 50ന് മുകളിൽ ശരാശരിയിൽ റൺസ് നേടുന്ന ഏകതാരം കോഹ്‌ലിയാണ്.
വൈറ്റ് ബോൾ ക്രിക്കറ്റ് മാത്രമെടുത്താലും മികച്ച താരം കോഹ്‌ലിയാണ്. ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ രോഹിത് ശർമയും മികവ് പുലർത്തുന്ന താരമാണെങ്കിലും സ്ഥിരതയിൽ കോഹ്‌ലിയാണ് മുന്നിലെന്നും വസീം ജാഫർ കൂട്ടിച്ചേർത്തു.