കൊറോണ ഭീതിയിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ നടത്തിപ്പ് തന്നെ അനിശ്ചിതത്വത്തലാണെങ്കിലും ക്രിക്കറ്റ് ആരാധകർക്കിടയിൽ ക്രിക്കറ്റും ഐപിഎല്ലും ചർച്ച വിഷയമായി തന്നെ തുടരുന്നുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ താരം വസീം ജാഫർ എക്കാലത്തെയും മികച്ച ഐപിഎൽ ടീമിനെ തിരഞ്ഞെടുത്തു. ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പ് നേടിത്തന്ന ചെന്നൈയ്ക്ക് മൂന്ന് ഐപിഎൽ കിരീടങ്ങളും നേടിക്കൊടുത്ത എംഎസ് ധോണിയെത്തന്നെയാണ് വസീം ജാഫർ ടീമിന്റെ നായകനായി തിരഞ്ഞെടുത്തത്.

ഏഴ് ഇന്ത്യൻ താരങ്ങളും നാല് വിദേശ താരങ്ങളും ഉൾപ്പെടുന്ന വസീം ജാഫറിന്റെ ടീമിൽ രാജ്യന്തര ക്രിക്കറ്റിലെ മിന്നും താരങ്ങളാണ് അണിനിരക്കുന്നത്. ടീമിന്റെ ഓപ്പണർമാരായി എത്തുന്നത് മുംബൈ നായകനും ഇന്ത്യയുടെ വെടിക്കെട്ട് താരവുമായ രോഹിത് ശർമയും യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയിലുമാണ്.

ചെന്നൈയുടെ ചിന്നത്തല സുരേഷ് റെയ്നയെയാണ് മൂന്നാം നമ്പരിലേക്ക് വസീം ജാഫർ തിരഞ്ഞെടുത്തിരിക്കുന്നത്. നാലാം നമ്പരിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും അഞ്ചാം നമ്പരിൽ എംഎസ് ധോണിയും ബാറ്റ് വീശും. രണ്ട് മിന്നും ഓൾറൗണ്ടർമാരാണ് ടീമിലിടം പിടിച്ചിരിക്കുന്നത്, ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യയും വിൻഡീസ് താരം ആന്ദ്രെ റസലും. ബാറ്റ് കൊണ്ടും ബോളുകൊണ്ടും വിസ്മയം തീർക്കുന്ന ഇരുവരും മികച്ച് ഫിനിഷർമാരുമാണ്. ഒപ്പം പകരക്കാരനായി രവീന്ദ്ര ജഡേജയും ടീമിലിടം പിടിച്ചിട്ടുണ്ട്.

നാല് സ്‌പെഷ്യലൈസ്ഡ് ബോളർമാരിൽ രണ്ട് സ്പിന്നർമാരും പേസർമാരും ഉൾപ്പെടുന്നു. പേസർമാർ രണ്ട് പേരും മുംബൈ ഇന്ത്യൻസ് താരങ്ങളാണ്, ഇന്ത്യയുടെ ജസ്പ്രീത് ബുംറയും ശ്രീലങ്കയുടെ ലസിത് മലിംഗയും. അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാനും അശ്വിനുമാണ് സ്‌പിന്നർമാർ.

ഏപ്രില്‍ 15 വരെ ഐപിഎല്‍ 13-ാം സീസണ്‍ മാറ്റിവച്ചിരിക്കുകായണ്. വെട്ടിച്ചുരുക്കിയ ഐപിഎല്ലോ ടൂര്‍ണമെന്റ് റദ്ദാക്കലോ പ്രതീക്ഷിക്കാം. കൊറോണ പകര്‍ച്ച വ്യാധിയെ തുടര്‍ന്ന് ലോകമെമ്പാടും അസോസിയേഷനുകള്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നു. ഐപിഎല്‍ സംബന്ധിച്ച അന്തിമ തീരുമാനം ഇനിയും എടുക്കേണ്ടിയിരിക്കുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook